പഴയകാട് വിദേശമദ്യശാല സമരസമിതി കലക്ടര്‍ക്ക് നിവേദനം നല്‍കി
മണ്ണഞ്ചേരി : മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ പഴയകാട് വാര്‍ഡില്‍ സ്ഥാപിക്കാന്‍പോകുന്ന വിദേശമദ്യശാലയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ കലക്ടര്‍ക്ക് നിവേദനംനല്‍കി. നിവേദനസംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ക്ക് ഭയമാകുന്നു എന്നുപറഞ്ഞപ്പോള്‍ ധൈര്യമായിരിക്കു എന്ന് ജില്ലാകളക്ടര്‍ വീണ.എന്‍.മാധവന്‍ കുട്ടികളെ സമാധാനിപ്പിച്ചാണ് മടക്കിയത്.
പാതിരപ്പള്ളി ഉദയാ സ്റ്റുഡിയോയ്ക്ക് പടിഞ്ഞാറ് പഴയകാട് ജങ്ഷനുസമീപം പ്രവര്‍ത്തിക്കുന്ന കയര്‍ ഫാക്ടറിയാണ് ബിവറേജസ് അധികൃതര്‍ ഷോപ്പിനായി കണ്ടെത്തിയത്. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കയര്‍ ഫാക്ടറി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തോടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മദ്യശാലയ്ക്ക് സ്ഥലം നല്‍കിയ ഉടമയായ പാതിരപ്പളളി സ്വദേശി പൊന്നുപിള്ളയുടെ വീട്ടിലേക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തിയിരുന്നു.
പ്രതിഷേധമാര്‍ച്ച് ഇയാളുടെ വീടിന്റെ നൂറുമീറ്റര്‍ അകലെവച്ച് പൊലീസ് തടയുകയായിരുന്നു. ഒരാഴ്ചയായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രാപ്പകല്‍സമരപന്തലിലേക്ക് അഭിവാദ്യപ്രകടനങ്ങള്‍ നടന്നുവരുകയാണ്.
ഇന്നലെയും നിരവധി സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചെത്തിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മാരാരിക്കുളം തെക്കുപഞ്ചായത്ത് ഓഫീസിനുമുന്നിലും സമരസമിതി സത്യഗ്രഹസമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."