ബലാത്സംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫി: വനിതാ കമ്മിഷന് അംഗത്തിനെതിരേ പ്രതിഷേധം
ജയ്പൂര്‍: സ്ത്രീധനം നല്‍കാത്തില്‍ പ്രതിഷേധിച്ച് ഭര്‍ത്താവും ഭര്തൃസഹോദരന്മാരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാകമ്മിഷന് അംഗത്തിനെതിരേ പ്രതിഷേധം ശക്തം. രാജസ്ഥാനിലെ വനിതാകമ്മിഷന് അംഗമായ സോമിയാ ഗുര്‍ജാര്‍ ആണ് സെല്‍ഫിയെടുത്ത് വെട്ടിലായത്.
ബലാത്സംഗത്തിന് ഇരയായവരുടെ പേര്, വിലാസം, ഫോട്ടോ എന്നിവ മറ്റുള്ളവര്‍ക്ക് മനസിലാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ച ഇവര്‍ സെല്‍ഫിയെടുത്തത് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വിവാദത്തിലേയ്ക്ക് വഴിവെച്ചത്.
ബലാത്സംഗത്തിന് ഇരയായ യുവതി വനിതാ പൊലിസ് സ്റ്റേഷനിലായിരുന്നു. ഇവിടെയെത്തിയാണ് വനിതാ കമ്മിഷന് അംഗം സെല്‍ഫിയെടുത്തത്. സംസ്ഥാന വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സുമന് ശര്മയ്ക്കൊപ്പമാണ് സോമിയാ ഗുര്‍ജാറും പൊലിസ് സ്റ്റേഷനില്‍ എത്തിയിരുന്നത്. യുവതിയുമായി സംസാരിച്ചശേഷം സെല്‍ഫിയെടുക്കുകയായിരുന്നു.
51,000 രൂപ സ്ത്രീധനം നല്‍കാതിരുന്നതിനെതുടര്‍ന്ന് ഭര്‍ത്താവും ഇയാളുടെ രണ്ട് സഹോദരന്മാരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെതുടര്‍ന്ന് യുവതി പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം തന്റെ നിലപാടിനെ ന്യായീകരിച്ചു ഗുര്‍ജര്‍ രംഗത്തെത്തിയിട്ടുണ്ട്. സെല്‍ഫിയെടുത്തത് തമാശയായിട്ടല്ലെന്നും അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഫോട്ടോയെടുത്തതെന്നും ഗുര്‍ജര്‍ പറഞ്ഞു.
അതേസമയം സംഭവം വിവാദമായതോടെ ഇവരെ കമ്മിഷന് അംഗമെന്ന സ്ഥാനത്തു നിന്നും നീക്കം ചെയ്തതായും വിവരമുണ്ട്.
അതേസമയം തന്റെ അറിവോടെയല്ല സെല്‍ഫിയെടുത്തതെന്ന് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സുമന് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ സോമാ ഗുര്‍ജാറിനോട് വിശദീകരണം ചോദിച്ചതായും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."