തെരഞ്ഞെടുപ്പ് തലേന്നും വോട്ടിനായി സ്ഥാനാര്‍ഥികളുടെ പരക്കംപാച്ചില്‍
ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഇന്നലെയും സ്ഥാനാര്‍ഥികള്‍ വോട്ടുറപ്പിക്കാനായി പരക്കംപാച്ചിലിലായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ രാവിലെ പാര്‍ട്ടി ഏരിയ കമ്മറ്റി ഓഫീസിലെത്തി സന്ദര്‍ശകരുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിന് പരിഹാരവും ഉണ്ടാക്കിയാണ് അവസാനഘട്ട പ്രചരണത്തിനായി ഇറങ്ങിയത്.
തുടര്‍ന്ന് കുളക്കാംപാലം, തോനക്കാട് എന്നിവിടങ്ങളിലെ മരണ വീടുകള്‍ സന്ദര്‍ശിച്ചു. പ്രാവിന്‍കൂട് ക്‌നായപള്ളി, കല്ലിശേരിയിലെ ക്ഷേത്രം, ശ്രീനാരായണ ഗുരുദേവ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം പെണ്ണിക്കര വെണ്മണി എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. പിന്നീട് കൊല്ലകടവ് പുലിയൂര്‍ എന്നിവിടങ്ങളില്‍ നടന്ന വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.
വൈകിട്ട് വെണ്മണിയില്‍ നടന്ന ഇഫ്താര്‍ വിരുന്നിലും പങ്കുചേര്‍ന്നു. ഇന്ന് രാവിലെ 7ന് കൊഴുവല്ലൂര്‍ എസ്എന്‍ഡിപി എല്‍പി സ്‌കൂളിലെ 77-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ കുടുംബാംഗങ്ങളോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തും.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍ ഇന്നലെ രാവിലെ പ്രായിക്കര, പെണ്ണുക്കര, വെണ്മണി, പാറച്ചന്ത എന്നിവിടങ്ങളിലെ മരണവീടുകള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തു. അവിടെനിന്ന് പിരളശേരി സിംഹാസന പള്ളി, മുളക്കുഴ മാര്‍ത്തോമ്മ പള്ളി എന്നിവിടങ്ങിലും മണ്ഡലത്തിലെ വിവിധ പെന്തകോസ്ത് പള്ളികളിലും സന്ദര്‍ശനം നടത്തിയ വിജയകുമാര്‍ പരുമലപള്ളിയിലെത്തി തിരികത്തിച്ചു പ്രാര്‍ത്ഥിച്ചു.
അവിടനിന്നും ചെങ്ങന്നൂരിലെ സത്യസായി മന്ദിരത്തിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. വൈകിട്ട് മുളക്കുഴ മുസ്്‌ലിം പള്ളിയിലെ ഇഫ്ത്താര്‍ വിരുന്നിലും പങ്കെടുത്തു. ഇന്ന് രാവിലെ പുലിയൂര്‍ ഗവണ്‍മെന്റ് ഹൈ സ്‌കൂളിലെ 97ാം നമ്പര്‍ ബൂത്തില്‍ കുടുംബസമേതമെത്തി വോട്ട്‌ചെയ്യും.
രാവിലെ വെണ്മണി പുലക്കടവ് കേളനി സന്ദര്‍ശനത്തോടെയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി പ്രഭാതഭക്ഷണം കഴിച്ചു. കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക അഭിമുഖം നല്‍കി. അവിടെനിന്നും കെ.പി.എം.എസ് പെണ്ണിക്കരശാഖയില്‍ സന്ദര്‍ശനം, വെണ്മണിയിലെ പെന്തകോസ്ത് ഹാളില്‍ പ്രാര്‍ത്ഥനയിലും പുലിയൂരിലെ ശ്രീശ്രീ രവിശങ്കറിന്റെ ജ്ഞാനക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തി.
ഓര്‍ത്തഡോക്‌സ് സഭയുടെ പരുമലയിലെ ക്യാന്‍സര്‍ സെന്ററിലെത്തി നാഗാലാന്റ് ഗവര്‍ണര്‍ പി.ബി.ആചാര്യ പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍, സഭ സെക്രട്ടറി എന്നിവര്‍ക്കൊപ്പം ലഘുഭക്ഷണം കഴിച്ചു.
കൊല്ലകടവ് പുലിയൂര്‍ മുളക്കുഴ എന്നിവിടങ്ങളിലെ വിവാഹങ്ങളില്‍ പങ്കെടുത്തു. എല്ലാ പഞ്ചായത്തുകളിലും ഓട്ടപ്രതിക്ഷിണം നടത്തി. മുളക്കുഴ കോട്ടയില്‍ ഭവന സന്ദര്‍ശനം നടത്തി. ശ്രീധരന്‍പിള്ളയ്ക്ക് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ വോട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."