ഡല്‍ഹിയില്‍ നിന്നു കാണാതായ കുട്ടിയെ ആറ് വര്‍ഷത്തിനു ശേഷം ബംഗ്ലാദേശില്‍നിന്നു തിരിച്ചുകിട്ടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ആറു വര്‍ഷം മുന്‍പു കാണാതായ കുട്ടിയെ മാതാപിതാക്കള്‍ക്കു ബംഗ്ലാദേശില്‍നിന്നു തിരികെ കിട്ടി. 2010ല്‍ ഡല്‍ഹിയില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ സോനുവെന്ന ആണ്കുട്ടിയെയാണു തിരികെ ലഭിച്ചത്.
കുട്ടിയുടെ തിരിച്ചുവരവിനെ അത്ഭുതമെന്നാണു പിതാവ് മെഹബൂബ് വിശേഷിപ്പിക്കുന്നത്. സോനുവിന് ഇപ്പോള്‍ 12 വയസായി. 2010ല്‍ ആറു വയസുള്ളപ്പോഴാണ് ഡല്‍ഹിയിലെ സീമാപൂരില്നിന്നു കാണാതാകുന്നത്. ആരുടെ കൂടെയാണു പോയതെന്നോ ആരാണു തട്ടിക്കൊണ്ടുപോയതെന്നോ രക്ഷിതാക്കള്ക്കറിയില്ലായിരുന്നു.
പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയതുമില്ല. മൂന്നുവര്‍ഷം അന്വേഷിച്ച ശേഷം പൊലിസും കേസ് അവസാനിപ്പിച്ചു. ഒടുവില്‍ കഴിഞ്ഞദിവസം ബംഗ്ലാദേശിലാണ് സോനുവിനെ കണ്ടെത്തിയത്.
ബംഗ്ലാദേശിലെ ജെസോറില്‍ ഒരു അഭയാര്‍ഥി ക്യാംപിലായിരുന്നു കുട്ടി.
നഷ്ടപ്പെട്ടെന്നു കരുതിയ മകനെ തിരിച്ചുകിട്ടിയ സന്തോഷം മാതാപിതാക്കള്‍ പങ്കിടുമ്പോള്‍ അതിനു സാക്ഷ്യംവഹിക്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും മാധ്യമപ്രവര്‍ത്തകരും വിദേശകാര്യ മന്ത്രാലയത്തിലുണ്ടായിരുന്നു.
വാക്കുകള്‍ക്കതീതമായിരുന്നു കുട്ടിയുടെ പിതാവിന്റെ അഹ്ലാദം. മകനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ സമീപിച്ചിരുന്നു.
അനാഥബാലനായി ബംഗ്ലാദേശില്‍ കണ്ടെത്തിയ കുട്ടിയുടെ ഡി.എന്‍.എ മാതാവിന്റെ ഡി.എന്‍.എയുമായി സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് തിരിച്ചറിയാനും ഇന്ത്യയിലെത്തിക്കാനും കഴിഞ്ഞത്. ഇതിനായി ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈകമ്മിഷനും നീക്കംനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."