മോദിയുടെ വസ്ത്രത്തേക്കാള്‍ ചെലവ് കുറവാണ് ഞങ്ങളുടെ പരസ്യങ്ങള്‍ക്ക്: കെജ്രിവാള്
പനാജി: കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ ചെലവഴിച്ച തുകയേക്കാള്‍ കുറവാണു ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച തുകയെന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
ഗോവയിലെ പനാജിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വസ്ത്രക്കമ്പത്തെക്കുറിച്ചും അതിനു ചെലവഴിക്കുന്ന പണത്തിന്റെ കണക്കുകളും വെളിപ്പെടുത്തിയത്.
ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി 526 കോടി രൂപ ചെലവഴിച്ചെന്ന ആരോപണം തെറ്റാണെന്നും കെജ്രിവാള് വ്യക്തമാക്കി. പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 76 കോടി രൂപയാണ്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ചെലവഴിച്ച തുകയേക്കാള്‍ കൂടുതലാണ് പ്രധാനമന്ത്രി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദി ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് വ്യക്തമാക്കാന്‍ തനിക്കു കഴിയും. അദ്ദേഹം ഒരു ദിവസം ധരിക്കുന്ന വസ്ത്രത്തിനു രണ്ടു ലക്ഷം രൂപ ചെലവു വരും. ഒരു ദിവസം അഞ്ചുപ്രാവശ്യം മോദി വസ്ത്രങ്ങള്‍ മാറുന്നുണ്ടെന്നും കെജ്രിവാള് പറഞ്ഞു. ഒരിക്കല്‍ ധരിച്ച വസ്ത്രം അദ്ദേഹം പിന്നീട് ധരിക്കില്ല.
അലക്കുകയോ പുനരുപയോഗിക്കുകയോ ചെയ്യാനും പ്രധാനമന്ത്രി തയാറാകുന്നില്ല. ഇതിനുപുറമെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രത്തിനു മാത്രമായി അദ്ദേഹം 70 കോടി രൂപയാണ് ചെലവഴിക്കുന്നത്. എന്നാല്‍ മോദിയുടെ വസ്ത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം മറക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണെന്നും കെജ്രിവാള് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."