സംസ്ഥാനത്തിന്റെ കാതലായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ലക്ഷ്യം: മന്ത്രി തോമസ് ഐസക്
കാക്കനാട് : കേരളം നേരിടുന്ന കാതലായ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളിച്ച് അവയ്ക്ക് തക്കതായ പരിഹാരം കാണുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ നാലു മിഷനുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മതിയായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ നല്‍കുന്നതിനായി പ്രാഥമിക, ജില്ലാ ആശുപത്രികള്‍ക്ക് കൂടുതല്‍ സഹായം നല്‍കും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കുമായി 4000 കോടി ചെലവഴിക്കും. നീര്‍ത്തടാധിഷ്ഠിത സംരക്ഷണ പ്രവര്‍ത്തനങ്ങളെ പരമാവധി പ്രോത്‌സാഹിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണണമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര മുനിസിപ്പല്‍ ഹാളില്‍ തൊഴിലുറപ്പു പദ്ധതി സാധ്യതകളെപ്പറ്റിയുള്ള ജില്ലാതല ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ തൊഴിലുറപ്പു പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അധ്യക്ഷനായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് 50 ദിവസത്തിനുള്ളില്‍ ജില്ലയിലെ 100 കുളങ്ങള്‍ വൃത്തിയാക്കാന്‍ പരിപാടി തയാറാക്കിയതായി ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ഹരിതകേരളം സാങ്കേതിക ഉപദേഷ്ടാവ് അജയകുമാര്‍, ദേശീയ തൊഴിലുറപ്പു പദ്ധതി സംസ്ഥാന ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഡോ. ടി. എന്‍. ഷാജി, ദേശീയ കയര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ അനില്‍, തൊഴിലുറപ്പ് പദ്ധതി ജോ. കോ ഓര്‍ഡിനേറ്റര്‍ ബിന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."