ഇസ്താംബൂള്‍ ആക്രമണം: 13 പേര്‍ പിടിയില്‍
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളിലെ അത്താതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളെന്നു സംശയിക്കുന്നവര്‍ പിടിയിലായതായി സൂചന.
വിദേശികളടക്കം ഐ.എസ് ബന്ധമുള്ള 13 പേരാണ് പിടിയിലായത്. ചാവേറുകളായിരുന്ന മൂന്നുപേര്‍ റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ളവരാണെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികളെകുറിച്ച് മറ്റു വിരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തുര്‍ക്കി പൊലിസ് നടത്തിയ റെയ്ഡിലാണ് 13 പേരെ സംശയാസ്പദമായി പിടികൂടിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍തന്നെയാണ് പിന്നിലെന്നാണു പൊലിസ് നിഗമനം.
അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി. നേരത്തെ 239 പേര്‍ക്കു സംഭവത്തില്‍ പരുക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് രാജ്യത്തെ നടുക്കിയ വന്‍ ആക്രമണമുണ്ടായത്. യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളമാണ് അത്താതുര്‍ക്ക്. വെടിയുതിര്‍ത്തു മുന്നേറിയ തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരില്‍ 23 പേര്‍ തുര്‍ക്കി പൗരന്മാരും 13 പേര്‍ വിദേശികളുമാണ്. ഇതില്‍ രണ്ട് സഊദികളും രണ്ട് ഇറാഖികളും ചൈന, ജോര്‍ദാന്‍, തുനീഷ്യ, ഉസ്‌ബെകിസ്ഥാന്‍, ഇറാന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെട്ടിരുന്നു. രണ്ടു ടാക്‌സികളിലാണ് തീവ്രവാദികള്‍ എത്തിയത്. ഇവരെ തിരിച്ചറിയാനായി വിമാനത്താവളത്തിനു സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുന്നുണ്ട്.
അമേരിക്ക നയിക്കുന്ന ഐ.എസ് സൈനിക സഖ്യത്തില്‍ തുര്‍ക്കിയും അംഗമാണ്. തുര്‍ക്കി സിറിയയിലെ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ഐ.എസിനെതിരേ ആക്രമണം നടത്തിയിരുന്നു.
ഈ മാസമാദ്യം ഇസ്താംബൂളില്‍ പൊലിസ് വാഹനത്തിനുനേരെ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദ് വിമതരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."