മാവൂര്‍ റോഡിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം
കോഴിക്കോട്: മാവൂര്‍ റോഡിലെ മുല്ലത്ത് കോംപ്ലക്‌സിനു തീപിടിച്ചു. കോംപ്ലക്‌സിലെ വുഡ്‌ലാന്‍ഡ് ഷോറൂമിന്റെ ജനറേറ്ററും ഗ്യാരിബാഗുകളും സൂക്ഷിച്ച റൂമിലാണ് തീപിടിത്തമുണ്ടായത്. ജനറേറ്റില്‍ നിന്നു തീപടരുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെയാണ് തീപിടിത്തമുണ്ടായത്.
ജനറേറ്ററും ഗ്യാരിബാഗുകളും താഴെ ഭാഗത്തെ എ.സി.പിയും കത്തിനശിച്ചു. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ വുഡ്‌ലാന്‍ഡ് ഷോറൂമിന് മുകളിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്ന ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള എട്ട് യൂനിറ്റ് അഗ്‌നിശമനസേനാംഗങ്ങളെത്തി അരമണിക്കൂറോളം പ്രയതത്‌നിച്ചാണ് തീയണച്ചത്. തീപിടിത്തത്തെത്തുടര്‍ന്നു മാവൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത തടസവുമുണ്ടായി. ജനറേറ്റര്‍ റൂമില്‍ നിന്ന് പുക ഉയരുന്നത് കണ്ട തൊട്ടടുത്തെ എയര്‍ടല്‍ ഷോറൂമിലെ ജീവനക്കാര്‍ വിവരമറിയിച്ചതോടെ പരിഭ്രാന്തരായ ജീവനക്കാര്‍ താഴെയിറങ്ങി ഓടുകയായിരുന്നു.
ഉടന്‍ സ്ഥലത്തെത്തിയ ബീച്ച് അഗ്നിശമന വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വുഡ്‌ലാന്‍ഡ് ഷോറൂമിന് മുകളിലത്തെ രണ്ടു നിലകളിലായി പ്രവര്‍ത്തിച്ചിരുന്ന ഏവിയേഷന്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും എം.ഐ.സി.ടി കംപ്യൂട്ടര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ഥികളെ പുറത്തെ കോണി വഴി രക്ഷപ്പെടുത്തി. ബില്‍ഡിങ്ങിലെ ഫയര്‍ എക്‌സിറ്റ് കോണിയുടെ ഭാഗത്തായിരുന്നു തീപടര്‍ന്നത്. ഇവിടെ വലിയ തോതില്‍ പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ബില്‍ഡിങ്ങില്‍ നിന്ന് താഴെ ഇറക്കുന്നതിനിടെ ഒരു വിദ്യാര്‍ഥിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കോംപ്ലക്‌സിലേക്ക് നാട്ടുകാര്‍ ഓടിയെത്തിയതിനെത്തുടര്‍ന്നാണ് മാവൂര്‍ റോഡില്‍ ഗതാഗതം തടസം അനുഭവപ്പെട്ടത്. ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റു റോഡുകളിലേക്ക് തിരിച്ചുവിട്ടതിനാല്‍ നഗരത്തിലെ പല ഭാഗത്തും ഗതാഗതം വഴിമുട്ടി. മുല്ലത്ത് കോംപ്ലക്‌സിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ പറക്കും ജ്വല്ലറി ആഡംബര ബസ് ഇവിടെ നിന്നു മാറ്റി. ജില്ലാ അഗ്നിശമന വിഭാഗം ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, മീഞ്ചന്ത യൂനിറ്റ് ഓഫിസര്‍ അജിത്കുമാര്‍, ബീച്ച് യൂനിറ്റ് ഓഫിസര്‍ ബിശ്വാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."