കെവിന്റെ കൊലപാതകം: എസ്.പിയ്ക്ക് സ്ഥലംമാറ്റം, എസ്.ഐയ്ക്ക് സസ്പെന്ഷന്
കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയ കോട്ടയം സ്വദേശി കെവിന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസിനെതിരെ നടപടി. സംഭവത്തില്‍ വീഴ്ച്ച വരുത്തിയ ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലെ എസ്.ഐയായ എം.എസ് ഷിബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ കോട്ടയം എസ്.പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു.
ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.കെവിനെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നതില്‍ എസ്.ഐ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
പരാതിയുമായി ചെന്ന കെവിന്റെ ഭാര്യ നീനുവിനോട് മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ട് അന്വേഷിക്കാമെന്നായിരുന്നു എസ്.ഐ എം.എസ് ഷിബുവിന്റെ മറുപടി. പ്രതികളില്‍ നിന്ന് എസ്.ഐ പണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡി.വൈ.എസ്.പി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. ഒപ്പം കൊണ്ടുപോയ ബന്ധു, മാന്നാനം കളമ്പുകാട്ടുചിറ അനീഷിനെ (30) മര്‍ദിച്ച് അവശനാക്കിയശേഷം വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. ശേഷം കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."