രാജ്യാന്തര വാര്‍ത്താചിത്രമേള: ഉദ്ഘാടനം ഇന്ന്.
കൊല്ലം: കേരള മീഡിയ അക്കാദമിയുടെ ഒന്നാമത് രാജ്യാന്തര വാര്‍ത്താ ചിത്രമേള ഇന്ന് കൊല്ലത്ത് ആരംഭിക്കും. ആശ്രാമം യൂനസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയ്ക്ക് തിരിതെളിക്കും. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാവും. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനാവും. പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റുകളായ രഘുറായിയെയും ബേണ്‍ഡ് ബ്യൂവര്‍മാനെയും മുഖ്യമന്ത്രി ആദരിക്കും. മേയര്‍ വി. രാജേന്ദ്രബാബു, എം മുകേഷ് എം എല്‍ എ എന്നിവര്‍ വിശിഷ്ടാതിഥികളാവും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ഫോട്ടോ ജേര്‍ണലിസ്റ്റുകളെ പരിചയപ്പെടുത്തും. പി ആര്‍ ഡി ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ടി.കെ. രാജീവ് കുമാര്‍, വൈസ് ചെയര്‍മാന്‍ കെ.സി രാജഗോപാല്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, സെക്രട്ടറി കെ ജി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് തുടങ്ങിയവര്‍ സംസാരിക്കും.
പെരുവനം കുട്ടന്‍ മാരാരും 51 കലാകാരാരും അണിനിരക്കുന്ന പഞ്ചാരിമേളം ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അരങ്ങേറും. വാര്‍ത്താചിത്രമേളയുടെ ഉദ്ഘാടനത്തിനു ശേഷം ഭരത് ഭവന്റെ ആഭിമുഖ്യത്തില്‍ 106 കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്തവും യൂനസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ 30 വരെ കൊല്ലത്ത് നടത്തുന്ന രാജ്യാന്തരവാര്‍ത്താചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ന്യൂസ് ഫോട്ടോയുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിച്ചതും ലോകത്തിന്റെ വികസനത്തെയും തകര്‍ച്ചയെയും അടയാളപ്പെടുത്തിയതുമായ ചിത്രങ്ങളാണ്. ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസത്തിന് നവീനഭാവം നല്‍കിയ രഘുറായിയുടെ ചിത്രങ്ങള്‍ മേളയുടെ മാറ്റു കൂട്ടുന്നു. ഫോട്ടോഗ്രഫി ടൈം ഓഫ് പ്രോഗ്രസ്; ഹ്യുമാനിറ്റി 1900 1917 എന്ന വിഭാഗം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.അസോഷിയേറ്റഡ് ഫ്രാന്‍സ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ ആര്‍. രവീന്ദ്രന്റെ ചിത്രങ്ങളാണ് മറ്റൊരു ആകര്‍ഷണം. സ്‌പോര്‍ട്‌സ്, രാഷ്ട്രീയം, സിനിമ, സാഹിത്യം, സംഗീതം, കല തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ വികസനത്തെ സ്വാധീനിച്ച ചര്‍ച്ചകള്‍, പ്രശസ്തരുടെ കൗതുകനിമിഷങ്ങള്‍ തുടങ്ങിയവ പ്രത്യേകശ്രദ്ധയര്‍ഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."