പകര്‍ച്ചപ്പനി കാത്ത് കോര്‍പറേഷന്‍
കണ്ണൂര്‍: ഇത്തവണ മഴക്കാലത്തിനുമുന്‍പെ തന്നെ ഇടയ്ക്കിടെ ചന്നംപിന്നം മഴ പെയ്തു തുടങ്ങിയെങ്കിലും മഴക്കാല പൂര്‍വശുചീകരണത്തിന്റെ കാര്യത്തില്‍ കോര്‍പറേഷന് മെല്ലെപ്പോക്ക്.
കണ്ണൂര്‍ നഗരത്തിലെ ഓടകളെല്ലാം മാലിന്യംതള്ളുന്നതു കാരണം നിറഞ്ഞ അവസ്ഥയിലാണ്. കോര്‍പറേഷന്‍ പരിധിയില്‍ ഓടകളിലെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഉദ്ഘാടന പരിപാടി കഴിഞ്ഞുവെങ്കിലും പലയിടങ്ങളിലും ഇതുവരെയായിട്ടും ശുചീകരണ പ്രവര്‍ത്തി നടത്തിയിട്ടില്ല. കാല്‍ടെക്‌സ് പരിസരം, തെക്കിബസാര്‍, പുതിയസ്റ്റാന്റ് പരിസരം, പഴയസ്റ്റാന്റ് പരിസരം, കണ്ണൂര്‍ സിറ്റി ഭാഗങ്ങള്‍, താവക്കര അണ്ടര്‍പാസ്, തെക്കിബസാര്‍, സൗത്ത് ബസാര്‍, ജില്ലാശുപത്രി പരിസരം എന്നിവിടങ്ങളിലെല്ലാമുള്ള ഓടകളില്‍ മലിനജലം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്. ഭൂരിഭാഗം പകര്‍ച്ച പനിയും കൊതുകുകള്‍ പരത്തുന്നവയായതിനാല്‍ ഓടകള്‍ വൃത്തിയാക്കിയില്ലെങ്കില്‍ നഗരത്തിലെത്തുന്നവര്‍ക്ക് അസുഖം പടരുമെന്നുറപ്പ്. ചെറിയ രീതിയില്‍ മഴ പെയ്താല്‍ തന്നെ നഗരത്തില്‍ പലയിടങ്ങളിലും ഓടകള്‍ നിറഞ്ഞ് മലിനജലവും മറ്റും സമീപത്തെ സ്ഥാപനങ്ങളിലും റോഡുകളിലും ഒഴുകുന്നത് പതിവാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും ഓടകള്‍ നിറഞ്ഞ് റോഡിലേക്ക് ഒഴുകിയിരുന്നു. ഇത്തവണ കാലവര്‍ഷം നേരത്തെ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും യാതൊരു നടപടിയും എടുക്കാത്തതില്‍ നഗരത്തിലെ കട ഉടമകളും പ്രതിഷേധത്തിലാണ്.
മലിനജലം വീട്ടുമുറ്റത്ത്; രണ്ടു
കുടുംബങ്ങള്‍ താമസം മാറി
കണ്ണൂര്‍: താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തിനു സമീപം ഓട നിറഞ്ഞ് മലിനജലം വീട്ടുമുറ്റത്തേക്ക് ഒഴുകിയതോടെ പ്രദേശത്തെ രണ്ടു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയെന്ന് വിവരം. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തിനു സമീപത്തെ ഓട വൃത്തിയാക്കുന്നതിനിടെ പുറത്തെടുത്ത മണ്ണ് മറ്റൊരു ഓടയില്‍ നിക്ഷേപിച്ചതോടെയാണ് ഓട തടസ്സപ്പെട്ടത്.
തുടര്‍ന്ന് പ്രദേശത്തെ റോഡുകളിലും പറമ്പുകളിലേക്കും മലിനജലം പരക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."