പള്ളി പരിപാലനത്തില്‍ 45 വര്‍ഷം; അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പടിയിറങ്ങുന്നു
ഗൂഡല്ലൂര്‍: പിതാവില്‍ നിന്ന് പഠിച്ച പള്ളി പരിപാലനം 45 വര്‍ഷം തുടര്‍ച്ചയായി ചെയത് കൊണ്ടാടന്‍ അസീസ് മുസ്‌ലിയാര്‍ (72) വിരമിക്കുന്നു. 1972ല്‍ 30 രൂപ ശമ്പളത്തിന് നീലഗിരി ജില്ലയിലെ ദേവര്‍ഷോല പഞ്ചായത്തിലെ പാലം വയല്‍ പള്ളിയില്‍ പള്ളി പരിപാലനം തുടങ്ങിയ അസീസ് മുസ്‌ലിയാര്‍ ഈ ചെറിയ പെരുന്നാളോടെ തന്റെ ജോലി അവസാനിപ്പിക്കുകയാണ്.
ആരോഗ്യ പ്രശ്‌നമാണ് ഈ സമയത്ത് ജോലിയില്‍ വിരമിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയും പത്ത് മക്കളും അടങ്ങുന്നതാണ് കുടുംബം. മലപ്പുറം ജില്ലയിലെ പറമ്പന്‍ പീടികയില്‍ ജനിച്ച ഇദ്ദേഹം, മദ്‌റസ ആറും സ്‌കൂള്‍ നാലാം ക്ലാസും പഠിച്ച ശേഷം മതപഠനം കഴിഞ്ഞ് ദേവര്‍ഷോല പള്ളിയിലെ നീണ്ട കാലത്തെ മുഅദ്ദിനായിരുന്ന പിതാവ് പരേതനായ കൊണ്ടാടന്‍ മുക്രി അമ്മദ് ഹാജിയുടെ പാത പിന്തുടരുകയായിരുന്നു. മുന്‍ കാലങ്ങളില്‍ പള്ളി പരിപാലനം ഏറെ ക്ലേശകരമായിരുന്നു. കിണറ്റില്‍ നിന്നും തോട്ടില്‍ നിന്നും വെള്ളം മുക്കി വുളൂ എടുക്കുന്ന ഹൗള് നിറക്കണം, പള്ളിയും പരിസരങ്ങളും വൃത്തിയാക്കണം, നിസ്‌കാര പായകള്‍ കഴുകണം തുടങ്ങി നിരവധി ജോലികളാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ സൗകര്യങ്ങളേറെയുള്ള ഇക്കാലത്തും അസീസ് മുസ്‌ലിയാര്‍ തന്റെ ജോലികളില്‍ കൃത്യത കാണിച്ചിരുന്നു.
45 വര്‍ഷത്തിനിടെ കുറഞ്ഞകാലം ദേവന്‍ പള്ളിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സമസ്തയുടെ പാലംവയല്‍ സുബ്‌ലുസ്സലാം മദ്‌റസയില്‍ അധ്യാപകനായും സേവനമനുഷ്ടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."