വനിതാ ജീവനക്കാരുടെ നിരാഹാര സമരം ഫലം കണ്ടു: ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി
നിലമ്പൂര്‍: സി.ഐ.ടി.യുവില്‍ മെമ്പര്‍ഷിപ്പ് എടുക്കാത്തതിനാല്‍ തങ്ങളെ പുതിയ ലിസ്റ്റില്‍നിന്നും ഒഴിവാക്കിയെന്നാരോപിച്ച് കെ.എഫ്.ആര്.ഐ ക്ക് മുന്പില് കഴിഞ്ഞ അഞ്ചുദിവസമായി സമരം നടത്തുകയായിരുന്ന തൊഴിലാളികളായ ബിന്ദു, ബീന എന്നിവര്‍ കെ.എഫ്.ആര്.ഐ അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
29 മുതല്‍ ഇവര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാമെന്ന് കെ.എഫ്.ആര്.ഐ അധികൃതര്‍ ഉറപ്പ് നല്‍കിയത്തോടെയാണ് സമരം അവസാനിപ്പിച്ചത്. മറ്റു തൊഴിലാളികളുടെ കൂടെ ഒരു വര്‍ഷത്തേക്കുള്ള ഇവരുടെ താല്‍ക്കാലിക നിയമനം ഒരു മാസത്തിനകം പരിഗണിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
കെ.എഫ്.ആര്.ഐ കേന്ദ്രം ഡയറക്ടര്‍ താല്‍ക്കാലിക ചുമതലയിലുള്ളയാളാണ്. പുതിയ ഡയറക്ടര്‍ ചുമതലയേറ്റലുടന് ഒരു വര്‍ഷത്തേക്കുള്ള ഇവരുടെ നിയമനം നടത്തുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇവരെ സ്ഥിരമായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല. ഒരു വര്‍ഷത്തേക്കുള്ള പുതിയ ലിസ്റ്റില്‍നിന്നും ഇവരെ ഒഴിവാക്കിയതിനാലാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കെ.എഫ്.ആര്.ഐ നിലമ്പൂര്‍ സബ്സെന്റര്‍ കവാടത്തിന് മുന്പില് ഇരുവരും സമരം തുടങ്ങിയത്.
സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടേയും പിന്തുണയോടെയായിരുന്നു സമരം. ശനിയാഴ്ച മുതല്‍ സമരം തേക്ക് മ്യൂസിയത്തിന് മുന്നിലേക്ക് മാറ്റിയിരുന്നു. സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ സെക്രട്ടറി പി.എം ബഷീര്‍ നാരാങ്ങ നീര് നല്കി സമരം അവസാനിപ്പിച്ചു. എം.മുജീബ് റഹ്മാന്, ഇ.കെ ഷൗക്കത്തലി, കെ.അനൂപ്, കുമ്മാളി ഹനീഫ, സി.ആര്.ഭാസ്ക്കരന്‍, സന്ദീപ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."