ലക്ഷങ്ങള്‍ മുടക്കി തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടും ഊര്‍ങ്ങാട്ടിരി ഇരുട്ടില്‍
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമായി സ്ഥാപിച്ച 500 മിനി, ഹൈമാസ്സ് ലൈറ്റുകളാണ് മാസങ്ങളായി നോക്കുക്കുത്തിയായി കിടക്കുന്നത്. യു.ഡി.എഫ് അംഗങ്ങളുടെയും വൈസ് പ്രസിഡന്റ് ഷിജി പുന്നക്കലിന്റെയും വാര്‍ഡുകളില്‍ 20 എണ്ണവും മറ്റു വാര്‍ഡുകളില്‍ 25 മുതല്‍ 35 ലൈറ്റുകളുമാണ് സ്ഥാപിച്ചത്.
ഇതില്‍ നൂറില്‍ താഴെ ലൈറ്റുകള്‍ മാത്രമാണിപ്പോള്‍ പ്രകാശിക്കുന്നത്. 2016 - 17 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്തധികൃതര്‍ ഊര്‍ങ്ങാട്ടിരിയെ പ്രകാശപൂരിതമാക്കാന്‍ ഒരുങ്ങിയത്. കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ കമ്പനിയായിരുന്നു ലൈറ്റ് സ്ഥാപിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരുന്നത്.
16 മാസത്തിനുള്ളില്‍ കേടുപാടുകള്‍ സംഭവിക്കുകയാണെങ്കില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്ന നിബന്ധനയും കരാര്‍ എടുത്തവര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ 2017 മെയ് മാസത്തില്‍ സ്ഥാപിച്ച ലൈറ്റുകളില്‍ പലതും രണ്ട് മാസം കൊണ്ട് തന്നെ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. മിക്ക വാര്‍ഡുകളിലെയും ജനങ്ങള്‍ ലൈറ്റ് പ്രവര്‍ത്തന രഹിതമായതുമായി ബന്ധപ്പെട്ട് പഞ്ചായത്തധികൃതരോട് പരാതി പറഞ്ഞെങ്കിലും പത്ത് മാസമായിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
ഇതില്‍ തെഞ്ചിരിയില്‍ വാര്‍ഡ് മെമ്പര്‍ കെ.കുഞ്ഞാണിയുടെ നേതൃത്വത്തില്‍ കേടുപാടുകള്‍ സംഭവിച്ച ലൈറ്റുകളെല്ലാം ശരിയാക്കിയിരുന്നു. പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചിട്ടും മലയോര മേഖല ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്.
പഞ്ചായത്തിന്റെ ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയിലൂടെ കോഴിക്കോട്ടെ സ്വകാര്യ കമ്പനിക്ക് അഞ്ച് ലക്ഷം രൂപ ലഭിച്ചുവെന്നത് മാത്രമാണ് മിച്ചം. കേടുവന്ന ലൈറ്റുകള്‍ നന്നാക്കാന്‍ നടപടിയെടുക്കാത്ത പഞ്ചായത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാസാമാസം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് അധികൃതര്‍ വൈദ്യുതി ഇനത്തില്‍ വലിയ സംഖ്യ തന്നെ അടക്കുമ്പോഴും ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. വിളക്കുകള്‍ പ്രവര്‍ത്തന രഹിതമായതോടെ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും വര്‍ധിച്ചു. ഇതിന് പുറമെ തെരുവുനായകളുടെ ശല്യവും ഏറെയാണ്. ലൈറ്റ് സ്ഥാപിക്കാന്‍ കരാര്‍ എടുത്ത കമ്പനിയെക്കൊണ്ട് തന്നെ പ്രവര്‍ത്തന സജ്ജമാക്കാനുള്ള പ്രവൃത്തി എടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ലൈറ്റുകള്‍ കേടായ ഉടന്‍ തന്നെ കരാര്‍ ഏറ്റെടുത്ത കമ്പനിയെ അറിയിച്ചിരുന്നതായും കഴിഞ്ഞ ജനുവരിയില്‍ നന്നാക്കി തരാമെന്ന ഉറപ്പ് ലഭിച്ചിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു. പല തവണ ആവശ്യപ്പെട്ടിട്ടും ലൈറ്റുകള്‍ നന്നാക്കാതെ കബളിപ്പിക്കുന്ന രീതിയാണ് കരാര്‍ എടുത്ത കമ്പനി സ്വീകരിക്കുന്നതെന്നും കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."