വന്യമൃഗ ശല്യത്തിന് പരിഹാരമില്ല
പന്തല്ലൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ പാഞ്ഞെത്തി നഷ്ടം പരിഹാരം നല്‍കുന്ന വനം വകുപ്പ് വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഈ വര്‍ഷം മാത്രം വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞ നീലഗിരി ജില്ലയില്‍ ഇപ്പോഴും കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളില്‍ തമ്പടിക്കുകയാണ്.
വനപാലകരും വാച്ചര്‍മാരും നിരവധിയുണ്ടെങ്കിലും ജില്ലയില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ജില്ലയില്‍ ഏറ്റവുമധികം കാട്ടാനശല്യം രൂക്ഷമായിട്ടുള്ളത് പന്തല്ലൂര്‍ താലൂക്കിലാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ അഞ്ചു ജീവനുകളാണ് ഈ മേഖലയില്‍ മാത്രം പൊലിഞ്ഞത്. ഇന്നലെ കാട്ടാന ചവിട്ടിക്കൊന്ന കൊളപ്പള്ളി -കറുത്താട് സ്വദേശി മുരുകേശന്‍ (65)ആണ് അവസാന ഇര. ആനകളെത്തുമ്പോള്‍ പടക്കം പൊട്ടിച്ചും സൈറണ്‍ അടിച്ചും ആനകളെ വനത്തിലേക്ക് തുരത്തുന്നതല്ലാതെ കാടും നാടും വേര്‍തിരിച്ച് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയാന്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അയ്യംകൊല്ലി, തട്ടാന്‍പാറ, കൊളപ്പള്ളി, ചേരമ്പാടി, ചേരങ്കോട്, ഏലിയാസ്‌കട, മഴവന്‍ ചേരമ്പാടി, ഏലമണ്ണ, പന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്. മുപ്പതോളം ആനകളാണ് ഈ മേഖലയില്‍ നാശം വിതക്കുന്നത്. പകല്‍ സമയത്ത് പോലും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനക്കൂട്ടം രാത്രിയായാല്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപക നാശമാണ് വരുത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാവും പകലും ഈ മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ടെങ്കിലും കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നില്ല. വന്യമൃഗ ശല്യം രൂക്ഷമായതോടെ ജില്ലയിലെ കര്‍ഷകരും സാധാരണ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഉപജീവനത്തിന് തേയില കൃഷിയും തോട്ടങ്ങളേയും ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് പുലിയും കാട്ടാനയുമടക്കം ഭീഷണിയാകുകയാണ്. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."