മൂച്ചങ്കുണ്ടില്‍ വീണ്ടും ആശുപത്രി മാലിന്യം തള്ളി
മുതലമട: ആശുപത്രി മാലിന്യം ജനവാസ കേന്ദ്രത്തിന് സമീപം തള്ളിയതായി പരാതി. മൂച്ചങ്കുണ്ടിനു സമീപം ഇടുക്കു പാറയിലാണ് നഗരമാലിന്യങ്ങളോടൊപ്പം ആശുപത്രി മാലിന്യങ്ങളും തള്ളിയിരിക്കുന്നത്. ഇതുമൂലം പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. ബുധനാഴ്ച രാത്രിയിലാണ് ജനവാസം കുറഞ്ഞ മേഖലയില്‍ ലേറിയില്‍ മാലിന്യമെത്തിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പകര്‍ച്ചാവ്യാധികള്‍ പടരാനും ഇത് കാരണമാകുന്നതാണ്. മാലിന്യങ്ങള്‍ ചാക്കുകളിലാക്കിയാണ് തള്ളിയിട്ടുള്ളത്.
അതേസമയം വര്‍ഷകാലം ആരംഭിക്കാനിരിക്കെ ആശുപത്രി മാലിന്യം തള്ളിയത് വന്‍ ആരോഗ്യഭീഷണി ഉയര്‍ത്തും.
എന്നാല്‍ മറ്റു ജില്ലകളില്‍നിന്ന് കൊണ്ടുവന്നതാകാം മാലിന്യമെന്ന് പ്രദേശവാസികള്‍ പറയുന്നു.
മൂന്നു വര്‍ഷത്തിനു മുന്‍പ് കരടിക്കുന്ന് മേഖയലില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയതിനെതിരേ നാട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനുവരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവിടെ മാലിന്യം തള്ളുന്നതിന് അറുതിയുണ്ടായത്.
മുച്ചങ്കുണ്ടില് വീണ്ടും മാലിന്യങ്ങള്‍ തള്ളിയവര്‍ക്കെതിരേ പൊലിസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."