മദ്യവിമുക്ത കോളനികള്‍ ലക്ഷ്യമിട്ട് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ്
കല്‍പ്പറ്റ: മദ്യവിമുക്ത കോളനികള്‍ ലക്ഷ്യമിട്ട് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് കോളനികളിലേക്ക്.
കോളനികളില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് ലഹരിയുടെ നീരാളിപിടുത്തത്തില്‍ നിന്നും ജില്ലയിലെ കോളനികളെ രക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്തുള്ള പ്രവര്‍ത്തനമാണ് എക്‌സൈസ് വകുപ്പ് നടത്തുന്നതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.എസ് സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശനിയാഴ്ച മാനന്തവാടിയിലെ ജനമൈത്രി എക്‌സൈസ് ഓഫിസ് പരിസരത്ത് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സക്വാഡിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ മാനന്തവാടിയില്‍ 1379 കോളനികളും ബത്തേരിയില്‍ 1073ഉം കല്‍പ്പറ്റയില്‍ 696ഉം കോളനികളുമാണ് ഉള്ളത്.
ഇതില്‍ ഭൂരിഭാഗവും മദ്യത്തിന് അടിമപ്പെട്ട് കിടക്കുകയാണ്. സ്ത്രീകളും 10ഉം 12ഉം വയസ്സുള്ള കുട്ടികള്‍ പോലും ലഹരിയിലാകൃഷ്ടരാവുന്ന അവസ്ഥയുണ്ട്. ഈ രീതിയില്‍ സ്വയം നശിക്കുന്ന സമൂഹത്തെ മദ്യവര്‍ജനം എന്ന സര്‍ക്കാര്‍നയം മുന്‍നിര്‍ത്തി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സ്‌ക്വാഡ് ലക്ഷ്യമിടുന്നത്. പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങിയ ആദിവാസികളിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അന്‍പത്‌കോളനികളിലാണ് ജനമൈത്രി അടിയന്തരമായി സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക.
കോളനികള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് അവരെ ഒപ്പം നിര്‍ത്തി ലഹരിവസ്തുക്കള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തും. ഓരോ പ്രദേശത്തേയും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, കുടംബശ്രീ-ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സഹായത്തിലായിരിക്കും പദ്ധതി പ്രവര്‍ത്തികമാക്കുകയെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ബ്രസിഡന്റ് മണികണ്ഠന്‍, സെക്രട്ടറി കെ.ജെ സന്തോഷ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."