നിപാ വില്ലനായി: പഴം-പച്ചക്കറി കയറ്റുമതിക്ക് ഗള്‍ഫില്‍ നിരോധനം; ഭക്ഷ്യേതര കാര്‍ഗോ തേടി വിമാന കമ്പനികള്‍
കൊണ്ടോട്ടി:കേരളത്തില്‍ നിന്നുളള പഴം-പച്ചക്കറികള്‍ക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുണ്ടായതോടെ കാര്‍ഗോ കയറ്റുമതി വന്‍പ്രതിസന്ധിയില്‍. കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നുളള പഴം-പച്ചക്കറി ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കാണ് നിപാ വൈറസ് മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്.
പഴം-പച്ചക്കറി കയറ്റുമതി നിലച്ചത് കാര്‍ഗോ സ്വീകരിക്കുന്ന വിമാന കമ്പനികള്‍ക്കും തിരിച്ചടിയായി. ഇതോടെ ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാന്‍ വിമാന കമ്പനികള്‍ തിടുക്കം കാട്ടുകയാണ്. വിമാനങ്ങള്‍ കാലിയായി പറക്കുന്നതിന് പകരം റെഡിമെയ്ഡ് വസ്ത്രങ്ങളടക്കമുളളവയുടെ ഓര്‍ഡറുകള്‍ സ്വീകരിക്കുകയാണ് വിമാന കമ്പനി ഏജന്‍സികള്‍. ഇന്നലെ മിക്ക വിമാനങ്ങളും വിമാനത്താവളങ്ങളില്‍ നിന്ന് കാര്‍ഗോയില്ലാതെയാണ് പറന്നത്
.
ബഹ്‌റൈന്‍,കുവൈത്ത് എന്നീ രാജ്യങ്ങള്‍ മൂന്ന് ദിവസം മുന്‍പുതന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും ദുബൈ,ഷാര്‍ജ,അബൂദബി രാജ്യങ്ങളിലേക്ക് ഇന്നലെ മുതലാണ് കയറ്റുമതിക്ക് നിരോധനം വന്നത്. സഊദി, ഖത്തര്‍, മസ്‌ക്കറ്റ് എന്നീ രാജ്യങ്ങളിലേക്ക് മാത്രമായി ഇതോടെ കയറ്റുമതി ചുരുങ്ങി. ദിനംപ്രതി 50 ടണ്‍ ചരക്ക് കയറ്റുമതി ചെയ്ത കരിപ്പൂരില്‍ ഇന്നലെ 20 ടണ്‍ മാത്രമാണ് അയക്കാനായത്.
യു.എ.ഇ, സഊദി എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കേരളത്തില്‍ നിന്ന് പഴം-പച്ചക്കറി കയറ്റുമതിയുളളത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളള പച്ചക്കറികളാണ് ഗള്‍ഫിലേക്ക് കൂടുതല്‍ കയറ്റി അയക്കുന്നത്. നിയന്ത്രണം വന്നതോടെ വിമാനത്താവളങ്ങളില്‍ എത്തിച്ച പഴം- പച്ചക്കറികള്‍ ഏജന്റുമാര്‍ക്കുതന്നെ തിരിച്ചു നല്‍കേണ്ട അവസ്ഥയാണുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുളള ഉല്‍പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കുറഞ്ഞതോടെ നിലവില്‍ മുടക്കിയ പണമടക്കം നഷ്ടപ്പെടുമോ എന്ന ആധിയിലാണ് കയറ്റുമതിക്കാര്‍. പതിവ് കയറ്റുമതിയില്‍ നിന്നുളള ഗണ്യമായ കുറവ് കനത്ത തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."