യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസ്: കരിമണി വിനീത് അറസ്റ്റില്‍
ചാലക്കുടി: കോടാലിയിലെ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ ചാലക്കുടി ഡി.വൈ.എസ്.പിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കോടാലി ഒമ്പതുങ്ങല്‍ വട്ടപറമ്പില്‍ വിനീതെന്ന കരിമണിയെയാണ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.
ഇയാള്‍ക്കെതിരേ കാപ്പ നിയമ ചുമത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നതായി ഡി.വൈ.എസ്.പി പറഞ്ഞു. ഈമാസം19ന് കോടാലി ചേലക്കാട്ടുക്കര ശ്രീ ദുര്‍ഗ പെട്രോള്‍ പമ്പില്‍ വച്ച് മോട്ടോര്‍ ബൈക്കുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപിന്റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പെട്രോള്‍ അടിച്ച ശേഷം രണ്ടായിരം രൂപക്ക് ചില്ലറയില്ലെന്ന് പമ്പ് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ അടിക്കുവാന്‍ വന്ന ഇവര്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചതും തീവച്ചതും.
പൊള്ളലേറ്റ ദിലീപിനെ കോടാലി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയായിരുന്നു. പെട്രോള്‍ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി വിനീതാണെന്ന് പൊലിസിന് വ്യക്തമായത്. തലക്ക് പരുക്കേറ്റ വിനീത് സംഭവത്തിന് ശേഷം വീട്ടിലെത്തി വസ്ത്രം മാറി സ്‌കൂട്ടറില്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. സ്‌കൂട്ടര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ച് രാത്രി കാലങ്ങളില്‍ ദീര്‍ഘ ദൂര ബസുകളില്‍ കയറി യാത്ര ചെയ്തിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പി എം.കെ പുഷ്‌ക്കരന്റെ നിര്‍ദേശാനുസരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നതായി പകല്‍ സമയങ്ങളില്‍ ആശുപത്രി പരിസരങ്ങളില്‍ ചെലവഴിച്ചിരുന്നതായും പൊലിസ് കണ്ടെത്തി.
ആശുപത്രി പരിസരത്ത് നീരീക്ഷണം നടത്തി വന്ന സംഘം ഇന്നലെ പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയുമാണിയാള്‍. ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ വി.എസ് വത്സകുമാര്‍, സതീശന്‍ മടപ്പാട്ടില്‍, പി.എം മൂസ, വി.യു സില്‍ജോ, ഷിജോ തോമാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."