ദേശീയപാത വികസനം: കര്‍മസമിതി സര്‍വേ തടഞ്ഞു
വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കലിനെത്തിയ ഉദ്യോഗസ്ഥരെ വടകരയില്‍ എന്‍.എച്ച് കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. സമരത്തെ തുടര്‍ന്നു സര്‍വേ നടപടികള്‍ മണിക്കൂറുകളോളം തടസപ്പെട്ടു. ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ. അനിതകുമാരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെയാണ് പ്രവര്‍ത്തകര്‍ പുതുപ്പണത്തു വച്ച് തടഞ്ഞത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ സ്ഥലം നഷ്ടപ്പെട്ടവരുമായി ചര്‍ച്ചയില്ലാതെ സര്‍വേ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. മതിയായ പുനരധിവാസം, നഷ്ടപരിഹാരം അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സര്‍വേ തടഞ്ഞവരെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ശ്രമിച്ചെങ്കിലും അതു വേണ്ടെന്ന് ഉന്നത പൊലിസ് അധികാരികള്‍ വ്യക്തമാക്കിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. സമരസമിതി ഉന്നയിച്ച വിഷയങ്ങള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി എല്‍.എ തഹസില്‍ദാര്‍ അനിത വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെടുന്നവരോട് കൂടെനിന്ന ഇടതുസര്‍ക്കാര്‍ പൊലിസിനെ ഉപയോഗിച്ച് ജനങ്ങളെ നേരിടുന്നത് വേദനാജനകമാണെന്ന് കര്‍മസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സര്‍വേ തടയല്‍ സമരം ജില്ലാ കണ്‍വീനര്‍ എ.ടി മഹേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതിയംഗം പ്രദീപ് ചോമ്പാല അധ്യക്ഷനായി. സി.വി ബാലഗോപാല്‍, കെ.പി.എ വഹാബ്, കെ. കുഞ്ഞിരാമന്‍, സലാം ഫര്‍ഹത്ത്, അബു തിക്കോടി, ബിജു കളത്തില്‍, പി. സൗമിനി, പി. പ്രകാശ്കുമാര്‍, പി. സുരേഷ് സംസാരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും സര്‍വേ തടയുമെന്ന് കര്‍മസമിതി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."