പോസ്റ്റല്‍ മേഖലയില്‍ പൂര്‍ണസ്തംഭനം; തപാല്‍സമരം എട്ടാംദിനത്തിലേക്ക്
തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടപ്പോള്‍ പോസ്റ്റല്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു. സംസ്ഥാനത്തെ ഹെഡ്, സബ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ നിശ്ചലാവസ്ഥയില്‍ തന്നെയാണ്. പൊതുഅവധിയിലും പ്രവര്‍ത്തിക്കുന്ന ആര്‍.എം.എസ്, സ്പീഡ് പോസ്റ്റ് കൗണ്ടറുകള്‍ ഇന്നലെയും അടഞ്ഞുകിടന്നു.
പണിമുടക്കിയ ജീവനക്കാര്‍ എല്ലാ ഡിവിഷനല്‍ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ച് നടത്തി. എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പിന്തുണയുമായി എത്തി. തിരുവനന്തപുരത്ത് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരത്തിലധികം ജീവനക്കാര്‍ പങ്കെടുത്തു. കെ. സോമപ്രസാദ് എം.പി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന പണിമുടക്കിനോട് നിഷേധാത്മകനയം തുടരുന്ന കേന്ദ്രസര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സമരരംഗത്ത് ഒറ്റക്കെട്ടായി നില്‍ക്കുന്ന ജീവനക്കാരെയും അതിന് നേതൃത്വം നല്‍കുന്ന സംഘടനകളേയും കെ. ശബരിനാഥ് എം.എല്‍.എ അഭിനന്ദിച്ചു. ജോണ്‍സണ്‍ ആവോക്കാരന്‍ (സംസ്ഥാന കണ്‍വീനര്‍, എഫ്.എന്‍.പി.ഒ) അധ്യക്ഷനായി. പി.കെ മുരളീധരന്‍ (സംസ്ഥാന കണ്‍വീനര്‍, എന്‍.എഫ്.പി.ഇ) സമരപരിപാടി വിശദീകരിച്ചു. പി.വി ചന്ദ്രശേഖരന്‍, ടി. സന്തോഷ് കുമാര്‍ (ബി.എസ്.എന്‍.എല്‍), സമരസമിതി നേതാക്കളായ എം.എസ് സാബു, ബി.എസ് വേണു, എം.എസ് ചന്ദ്രബാബു സംസാരിച്ചു. എന്‍.എഫ്.പി.ഇ സംസ്ഥാന വൈസ് ചെയര്‍മാന്‍ പി.വി രാജേന്ദ്രന്‍ സ്വാഗതവും, പോസ്റ്റ്മാന്‍ യൂനിയന്‍ സംസ്ഥാന സെക്രട്ടറി എ.ബി ലാല്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമരസമിതി ഭാരവാഹികള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഡല്‍ഹി ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടാവാത്ത സാഹചര്യത്തില്‍ സമരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍മാരായ പി.കെ മുരളീധരന്‍ (എന്‍.എഫ്.പി.ഇ), ജോണ്‍സണ്‍ ആവോക്കാരന്‍ (എഫ്.എന്‍.പി.ഒ) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."