ജിഷ്ണുവിന്റെ മരണം കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രിംകോടതി. കൃഷ്ണദാസിന് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ കെ.പി മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹരജികള്‍ തള്ളിയാണ് കോടതിയുടെ വിശദീകരണം.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ കൃഷ്ണദാസിനെതിരേ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. പ്രതികളുടെയും വിദ്യാര്‍ഥികളുടെയും മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരേയുളളത്. കോളജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
ഇന്നലെ ഹരജി പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി എത്തി വാദിച്ചെങ്കിലും കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാന്‍ സാധിച്ചില്ല.
കേസന്വേഷണത്തില്‍ കൃഷ്ണദാസിനെതിരേ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നു കോടതി അറിയിച്ചു. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്ന കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മൊഴി അറ്റോര്‍ണി ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതിലെല്ലാം തന്നെ സംശയ സ്ഥാനത്തുള്ളത് സ്ഥാപനമേധാവിയായ കൃഷ്ണദാസാണ്. സ്ഥാപനത്തിലെ വിദ്യാര്‍ഥികളും അദ്ദേഹത്തിനെതിരേ മൊഴിനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം ജാമ്യത്തില്‍ കഴിയുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും എ.ജി വാദിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ കോടതി മുഖവിലക്കെടുത്തില്ല.
കേസില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുണ്ടെന്നതു തെളിയിക്കാനായിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്റര്‍ക്കും എതിരേ മാത്രമാണ് തെളിവുള്ളതെന്നും അതിനാല്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കുന്നില്ലെന്നും സുപ്രിംകോടതി അറിയിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന് തന്റെ വാദംനിരത്താന്‍ കൂടുതല്‍ സമയം ലഭിച്ചതുമില്ല.
പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ശൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസ് അറസ്റ്റിലായത്. എന്നാല്‍, വ്യാഴാഴ്ച ഇദ്ദേഹത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് ജിഷ്ണുവിന്റെ അമ്മ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."