v
കൊച്ചി: നവംബര്‍ ഒന്നോടെ എറണാകുളം സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇന്നലെ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അഡ്ഹോക് യോഗം 70 പഞ്ചായത്തുകളുടെ പട്ടികയ്ക്ക് അംഗീകാരം നല്കി. നേരത്തെ കഴിഞ്ഞ യോഗത്തില്‍ അഞ്ചു പഞ്ചായത്തുകളുടെ ലിസ്റ്റ് അംഗീകരിച്ചിരുന്നു. ബാക്കി പഞ്ചായത്തുകള്‍ അടുത്ത യോഗത്തില്‍ പട്ടിക സമര്‍പ്പിക്കണമെന്നു യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി ഓഫീസര്‍ സാലി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ കീഴില്‍ നിര്‍മിച്ചിരിക്കുന്ന വീടുകളോടു ചേര്‍ന്നുള്ള കക്കൂസുകള്‍ക്ക് ഇനി പുതുതായി സഹായം ലഭിക്കില്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. നിലവില്‍ കക്കൂസ് ഇല്ലാത്തവര്‍ക്കു മാത്രമാണ് അതു നിര്‍മിക്കാന്‍ സഹായം ലഭിക്കുക. ഇപ്പോള്‍ അംഗന്‍വാടികള്‍ക്കു സ്വന്തമായി കെട്ടിടം ഇല്ലാത്ത പഞ്ചായത്തുകള്‍ ഇതു സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം. ഒരു അംഗന്‍വാടിക്ക് കെട്ടിടം പണിയുന്നതിന് സഹായമായി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് അഞ്ചുലക്ഷം രൂപയും വകുപ്പുതലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപയും ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ അംഗന്‍വാടികള്‍ക്കും ഉറപ്പുള്ള കെട്ടിടം നിര്‍മിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനം.
അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ തൃക്കാക്കര നഗരസഭയുടെ 127 പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്കി. 590 ലേറെ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യോഗത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."