വാട്ടര്‍ ടാങ്ക് അപകടാവസ്ഥില്‍
തൃപ്പൂണിത്തുറ: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച വാട്ടര്‍ ടാങ്ക് അപകടാവസ്ഥില്‍. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ പുത്തന്‍കാവില്‍ നിരവധി സ്‌കൂളുകളും കോളജും ഇന്‍ഡസ്ട്രിയല്‍ ട്രെയ്‌നിങ് സെന്ററും സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്താണ് വന്‍ ദുരന്തത്തിനിടയാക്കുന്ന വിധത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസും വാട്ടര്‍ ടാങ്കും നിലകൊള്ളുന്നത്.
1964ല്‍ കേരള വാട്ടര്‍ ആന്റ് വെയ്സ്റ്റ് വാട്ടര്‍ ആയിരുന്ന കേരളാ വാട്ടര്‍ അതോറിറ്റിയാണ് ഈ വാട്ടര്‍ ടാങ്കും പമ്പ് ഹൗസും ഇവിടെ സ്ഥാപിച്ചത്. കാലപ്പഴക്കത്തില്‍ വാട്ടര്‍ ടാങ്കും പമ്പ് ഹൗസും ഏത് നിമിഷവും തകര്‍ന്നു വീഴാമെന്ന സ്ഥിതിയിലാണ്. അധികൃതര്‍ ഇത് കണ്ടില്ലായെന്ന് നടിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പമ്പ് ഹൗസിനു മുകളില്‍ 22 അടിയോളം ഉയരത്തില്‍ ആണ് കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്ക്. ഇതില്‍ 35000 ലിറ്റര്‍ ജലം ഉള്‍കൊള്ളാന്‍ പറ്റും. വാട്ടര്‍ ടാങ്കിന്റെ കോണ്‍ക്രീറ്റ് പൊട്ടിപൊളിഞ്ഞും വിണ്ടുകീറിയ നിലയിലും ആണ്.
കമ്പികള്‍ ദ്രവിച്ചും ബിറ്റുകള്‍ പഴകിയും അപകടകെണിയിലാണ്. പമ്പ് ഹൗസിന്റെ കോണ്‍ക്രീറ്റ് വാര്‍ക്ക പലയിടത്തും അടര്‍ന്നുപോയ നിലയിലാണ്. ഭിത്തികളും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. നിലംപൊത്താറായിരിക്കുന്ന ഈ പമ്പ് ഹൗസില്‍ ദിവസേന പമ്പ് ഓപ്പറേറ്റര്‍ വെള്ളം അടിച്ചു കയറ്റുന്നുണ്ട്. മോട്ടര്‍ ഓണാക്കിയ ശേഷം ഓപ്പറേറ്റര്‍ ഓടി പുറത്തിറങ്ങി നില്‍ക്കും.
അപകടാവസ്ഥയിലായിരിക്കുന്ന പമ്പ് ഹൗസിന്റെ തൊട്ടരുകിലാണ് ഗവ. ജൂനിയര്‍ ബേസില്‍ എല്‍.പി സ്‌കൂള്‍, ശ്രീനാരായണ ഇന്‍ഡസ്ട്രയല്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരും സ്‌കൂള്‍ അധികൃതരും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ജീര്‍ണാവസ്ഥയിലായ വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റുവാന്‍ നടപടിയുണ്ടായില്ല. ഈയടുത്ത ദിവസമാണ് പുത്തൂരില്‍ വാട്ടര്‍ ടാങ്ക് വീടിനു മുകളിലേക്കു മറിഞ്ഞുവീണ് ഏഴു വയസുകാരന്‍ മരിച്ച സംഭവം ഉണ്ടായത്. പുത്തന്‍ കാവിലെ പമ്പ് ഹൗസും വാട്ടര്‍ ടാങ്കും ഉടന്‍ പൊളിച്ചു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."