വിസാരഹിത ഖത്തര്‍ യാത്ര: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് വിലക്ക്
ദോഹ: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ ഖത്തറിലേക്കുള്ള വിസാരഹിത യാത്രയ്ക്ക് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ വിലക്ക്. വിസാരഹിത യാത്ര (ഓണ്‍ അറൈവല്‍ വിസ) ദുരുപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടുന്നതിനാലാണു തീരുമാനമെന്നാണ് എമിഗ്രേഷന്‍ അധികൃതരുടെ വിശദീകരണം.
പത്താംക്ലാസ് വിജയിച്ചിട്ടില്ലാത്ത ആളുകളാണ് ഇ.സി.ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേര്‍ഡ്) വിഭാഗത്തില്‍പെടുന്നത്. ഇത്തരം ആളുകളെ ഇനി ശരിയായ വിസയില്ലാതെ ഖത്തറിലേക്കു പോകാന്‍ അനുവദിക്കരുതെന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവിട്ടു. വിദേശകാര്യ മന്ത്രാലയത്തിിന്റെ നിലവിലുള്ള നിയമപ്രകാരമാണ് ഇതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതോടെ എല്ലാ വിമാനത്താവളങ്ങളിലും ഉത്തരവ് ബാധകമാകും.
ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉണ്ടെങ്കില്‍ വിസയില്ലാതെ തന്നെ ഖത്തറില്‍ എത്താമെന്ന ഇളവ് ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. ദോഹ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഓണ്‍ അറൈവല്‍ വിസ എന്ന മുദ്ര ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കുകയാണു ചെയ്യുന്നത്. ഒരു മാസം വരെ ഈ വിസ ഉപയോഗിച്ച് ഖത്തറില്‍ തങ്ങാം. വീണ്ടും ഒരു മാസം വരെ വിസ പുതുക്കുകയും ചെയ്യാം. ഇതിനകം ആയിരക്കണക്കിന് മലയാളികളാണ് ഈ ആനുകൂല്യം ഉപയോഗിച്ച് ഖത്തറില്‍ എത്തിയത്.
എന്നാല്‍ വിസാരഹിത യാത്ര ദുരുപയോഗപ്പെടുത്തി ചില രേഖകള്‍ കാണിച്ച് തൊഴില്‍ വിസയാണെന്നു തെറ്റിദ്ധരിപ്പിച്ച് ഏജന്റുമാര്‍ പണം വാങ്ങി ആളുകളെ ഖത്തറിലേക്കയക്കുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടുണ്ട്. ഇങ്ങനെയെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ ഖത്തറില്‍ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ഏജന്റുമാര്‍ വിദ്യാഭ്യാസമില്ലാത്തവരെ ഇത്തരത്തില്‍ വഞ്ചിക്കുന്ന സംഭവങ്ങള്‍ പതിവാണെന്നും ഹൈദരാബാദ് വിമാനത്താവളം വഴി നിരവധി പേരാണ് ഖത്തറില്‍ എത്തി വഞ്ചിക്കപ്പെട്ടതെന്നും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."