ആധാരം എഴുത്ത് ഓണ്‍ലൈന്‍ ആക്കിയത് നാഷണല്‍ ട്രസ്റ്റ് ആക്ട് പരിഗണിക്കാതെ
മലപ്പുറം: ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ നാഷണല്‍ ട്രസ്റ്റ് ആക്ടില്‍ ഉള്‍പ്പെട്ടവര്‍ പടിക്കു പുറത്ത്. വിവിധ തരത്തിലുള്ള വൈകല്യങ്ങളുള്ളവരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുമ്പോള്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമമാണ് ഓണ്‍ലൈന്‍ ആധാരം രജിസ്‌ട്രേഷന്‍ നിലവില്‍ വന്നതോടെ ഇല്ലാതായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് നേരിട്ടുതന്നെ ഭൂമി സംബന്ധിച്ച കൊടുക്കല്‍ വാങ്ങല്‍ രജിസ്‌ട്രേഷന്‍ നടത്താവുന്ന തരത്തിലാണ് രജിസ്‌ട്രേഷന്‍ വകുപ്പ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ സംവിധാനം തുടങ്ങിയത്. ഇതു സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി പ്രസിദ്ധീകരിച്ച മാതൃകാ ആധാര പകര്‍പ്പിലും നാഷണല്‍ ട്രസ്റ്റ് ആക്ടില്‍ ഉള്‍പ്പെട്ട ഓട്ടിസം, ബുദ്ധിമാന്ദ്യം, മസ്തിഷ്‌ക തളര്‍വാതം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് തുടങ്ങിയ വൈകല്യങ്ങളുള്ളവരെ പരിഗണിച്ചിട്ടില്ല. സ്വയം നിര്‍ണയശേഷിയില്ലാത്തവരുടെ സ്ഥാവര - ജംഗമ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ അധ്യക്ഷനായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ രേഖാമൂലമുള്ള സമ്മതവും ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് നാഷനല്‍ ട്രസ്റ്റ് ആക്ട് നിര്‍ദേശിക്കുന്നുണ്ട്.
വൈകല്യമുള്ള വ്യക്തികളുടെ കുടുംബ സ്വത്തില്‍ അവരുടെ അവകാശം സംരക്ഷിക്കുന്നതിനായി ഓഹരി ഭാഗം വയ്ക്കലും ക്രയവിക്രയം ചെയ്യലും ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ നടത്താവൂ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം. ഇത്തരക്കാരുടെ സ്വത്ത് നിയമ വിരുദ്ധമായി ക്രയവിക്രയം ചെയ്ത് അന്യാധീനപ്പെടുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവന്നത്. ഇത് പരിഗണിക്കാതെയാണ് ഭൂമി കൈമാറ്റ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതോടെ വൈകല്യമുള്ള വ്യക്തികളുടെ സ്വത്തുക്കള്‍ അനധികൃതമായി കൈയേറാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വൈകല്യമുള്ളവരുടെ സ്വത്ത് കൈമാറ്റം നടത്തുമ്പോള്‍ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുവാദം ഉറപ്പാക്കണമെന്ന് മെയ് 17ന് റജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഇറക്കിയ ഉത്തരവിലും വ്യക്തമാക്കിയതാണ്. അതേ സമയം രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്ന ഭൂമിയില്‍ നാഷണല്‍ ട്രസ്റ്റ് ആക്ടില്‍ ഉള്‍പ്പെട്ട വൈകല്യമുള്ള വ്യക്തികള്‍ക്ക് അവകാശപ്പെട്ട ഭൂമി ഉള്‍പ്പെടുന്നില്ലെന്നും രജിസ്‌ട്രേഷന്‍ മൂലം ഇത്തരം വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടില്ലെന്നുമുള്ള സത്യപ്രസ്താവന ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നത്തിന് പരിഹാരമാവും. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ സ്വത്ത് കൈയേറ്റം തടയുന്നതിനായി ജില്ലാ തലത്തില്‍ സബ് രജിസ്ട്രാര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇത്തരത്തില്‍ പരിശീലനങ്ങള്‍ നടക്കുന്നതിനിടയിലും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഈ സൂക്ഷ്മത ഉറപ്പാക്കാന്‍ അധികൃതര്‍ക്കായില്ല എന്നാണ് അക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."