ഫ്രഞ്ച് ഓപണ്‍ ടെന്നീസ്: വാവ്‌റിങ്ക പുറത്ത്
പാരിസ്: മുന്‍ ചാംപ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഫ്രഞ്ച് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറിക്കപ്പെട്ടു. സ്‌പെയിന്‍ താരം ഗ്വില്ലെര്‍മോ ഗാര്‍ഷിയ ലോപസാണ് വാവ്‌റിങ്കയെ അട്ടിമറിച്ചത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലെ ആദ്യ സെറ്റ് സ്വന്തമാക്കി തുടങ്ങിയ സ്പാനിഷ് താരത്തിനെതിരേ പിന്നീട് രണ്ട് സെറ്റുകള്‍ നേടി സ്വിസ് താരം തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീട്ടി ഗാര്‍ഷിയ ലോപസ് സെറ്റ് പിടിച്ചെടുത്ത് പോരാട്ടം സമനിലയിലാക്കി. നിര്‍ണായക മൂന്നാം സെറ്റില്‍ വാവ്‌റിങ്കയ്ക്ക് തിരിച്ചടിക്കാന്‍ സമയം അനുവദിക്കാതെ സെറ്റ് സ്പാനിഷ് താരം ഉജ്ജ്വലമായി പിടിച്ചെടുത്താണ് മുന്‍ ചാംപ്യന് പുറത്തേക്കുള്ള വഴി കാണിച്ചത്. സ്‌കോര്‍: 6-2, 3-6, 4-6, 7-6 (7-5), 6-3. കഴിഞ്ഞ തവണ ഫൈനലില്‍ റാഫേല്‍ നാദലിനോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയ വാവ്‌റിങ്ക 2015ലാണ് ഇവിടെ കിരീടം നേടിയത്.
പരുക്കും ഫോമില്ലായ്മയും കാരണം ദീര്‍ഘ നാളായ് കളത്തിന് പുറത്തിരുന്ന് തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് വിജയത്തുടക്കമിട്ടു. ആദ്യ റൗണ്ടില്‍ ബ്രസീല്‍ താരം റൊജേരിയോ ദുത്ര സില്‍വയെ ദ്യോക്കോ പരാജയപ്പെടുത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടം സെര്‍ബിയന്‍ താരം അനായാസം പിടിച്ചെടുത്തു. സ്‌കോര്‍: 6-3, 6-4, 6-4. മറ്റ് മത്സരങ്ങളില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തീം ആദ്യ റൗണ്ട് മത്സരത്തില്‍ ബെലാറസിന്റെ ഇല്യ ഇവാഷ്‌കയെ വീഴ്ത്തി രണ്ടാം റൗണ്ടിലേക്ക് കടന്നു. സ്‌കോര്‍: 6-2, 6-4, 6-1. പുരുഷ സിംഗിള്‍സ് പോരാട്ടങ്ങളില്‍ സ്‌പെയിനിന്റെ ബൗറ്റിസ്റ്റ അഗുറ്റ്, ആസ്‌ത്രേലിയന്‍ താരം സാം ക്യുറെ, സ്പാനിഷ് താരം റോമോസ് വിനോലസ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടുണ്ട്.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം ഡെന്‍മാര്‍കിന്റെ കരോലിന്‍ വോസ്‌നിയാക്കി രണ്ടാം റൗണ്ടിലേക്ക് കടന്നു. ആദ്യ റൗണ്ടില്‍ അമേരിക്കന്‍ താരം ഡാനിയലെ കോളിന്‍സിനെ വോസ്‌നിയാക്കി പരാജയപ്പെടുത്തി. സ്‌കോര്‍: 7-6 (7-2), 6-1.
ചെക്ക് റിപ്പബ്ലിക്ക് താരം പെട്ര ക്വിറ്റോവ കടുത്ത വെല്ലുവിളി അതിജീവിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നു. ഒന്നാം റൗണ്ടില്‍ പരാഗ്വെ താരം വെറോണിക്ക സെപെഡെ റ്യോഗിനെ വീഴ്ത്തി. സ്‌കോര്‍: 3-6, 6-1, 7-5. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബെലാറസിന്റെ വിക്ടോറിയ അസാരങ്കെ ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു. ചെക്ക് റിപ്പബ്ലിക്ക് താരം കാതറിന സിനിയക്കോവയാണ് അസാരങ്കെയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. സ്‌കോര്‍: 7-5, 7-5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."