കുട്ടിക്കാലത്തെ സ്വാതന്ത്ര്യമുള്ള നോമ്പ് കാലം
ഓര്‍മകള്‍ എന്നും കുട്ടിക്കാലത്തിന്റെതാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത പാറക്കടവിലെ വലിയ കൂട്ടുകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പൊന്നങ്കോട്ട് എന്നാണ് ഞങ്ങളുടെ തറവാട്ടു പേര്. അവിടെ കഴിച്ചു കൂട്ടിയ ബാല്യം. നോമ്പിന് മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങള്‍, വീടുവൃത്തിയാക്കല്‍, നോമ്പിന് വേണ്ടി മാത്രമുള്ള മറ്റൊരുക്കങ്ങള്‍, അത്താഴത്തിന് സ്ഥിരമായി ജോലിക്കാരി. അന്നത്തെ ജോലിക്കാര്‍ക്കെല്ലാം വീട്ടുകാരെപോലെ പ്രത്യേക അവകാശങ്ങള്‍. ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം സ്വാതന്ത്ര്യം കിട്ടുന്ന കാലം. സന്ധ്യക്ക് മുന്‍പേ വീടണയമെന്ന സമ്പ്രദായത്തില്‍ നിന്നു വ്യത്യാസം.
ഞങ്ങള്‍ കൂട്ടുകാരൊക്കെ നോമ്പ് തുറന്ന് ഇശാഅ് നിസ്‌കാരത്തിനും തറാവീഹിനും വലിയ പള്ളിയിലേക്ക് പോകും. നിസ്‌കാരത്തിന് ശേഷം തിരിച്ച് വന്ന് മുത്താഴം. പിന്നെ അത്താഴത്തിന് എഴുന്നേല്‍ക്കുന്നതെല്ലാം ഒരു ആഘോഷം പോലെയാണ്. നോമ്പ് തുറക്കാന്‍ എന്നും രണ്ടും മൂന്നും അതിഥികള്‍. അന്നു റഫ്രിജറേറ്റര്‍ ഇല്ലായിരുന്നു. ഇളനീര്‍ തൊട്ടിയിലാക്കി കിണറ്റില്‍ താഴ്ത്തി തണുപ്പിക്കാന്‍ വയ്ക്കും. നോമ്പ് തുറക്ക് തണുത്ത ഇളനീരിന്റെ മധുരം. കരിക്കഞ്ഞിയുടെ രുചി. ചെറിയ കുട്ടിയാവുമ്പോള്‍ നോമ്പെടുത്താല്‍ ഉച്ചയാകുമ്പോഴേക്കും തലവേദന വരും. ളുഹര്‍ നിസ്‌കാരത്തിന് ശേഷം പള്ളിയില്‍ എന്നും ഉറുദി (മതപ്രഭാഷണം). നോമ്പിന്റെ വെള്ളിയാഴ്ച പാറക്കടവ് വലിയപള്ളി നിറഞ്ഞു കവിയും. അന്നു പ്രഗത്ഭ പണ്ഡിതനായ കണാരാണ്ടി മുഹമ്മദ് മുസ്‌ലിയാരുടെ മതപ്രഭാഷണം. കരഞ്ഞു കൊണ്ട് അവസാനിക്കുന്ന പ്രാര്‍ഥന.
നരകത്തിന്റെ ശിക്ഷകളെകുറിച്ച് പേടിച്ചു നടന്ന നാളുകള്‍. അന്നൊക്കെ നോമ്പിന്റെ രാത്രി പാറക്കടവ് അങ്ങാടി സജീവമാകും. കുഞ്ഞിപ്പത്തിരിയില്‍ തുടങ്ങി നോമ്പിന്റെ രാത്രിയില്‍ മാത്രമുണ്ടാക്കുന്ന വിശേഷ വിഭവങ്ങളുടെ രുചി ഇത്രകാലത്തിന് ശേഷവും നാവില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."