കാസർകോടിനെ ഇവർ ഗുജറാത്താക്കുമോ?
ഉത്തരേന്ത്യയിലെ വോട്ടുകള്‍ ഏകീകരിക്കാനായി കലാപങ്ങള്‍ കോപ്പുകൂട്ടുന്ന വര്‍ഗീയ മുന്നണിയുടെ തന്ത്രങ്ങളാണു കാസര്‍കോട്ട് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് കാസര്‍കോട് കേന്ദ്രമാക്കി ചില നേതാക്കളുടെ പ്രവര്‍ത്തനം കലാപശ്രമങ്ങള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഫാസിസം കത്തുന്ന മറ്റൊരു മുസാഫര്‍ബാദോ ഗുജറാത്തോ സൃഷ്ടിക്കാന്‍ ധൃതിപ്പെടുന്നവരെ തടയിടാന്‍ ശക്തമായ രാഷ്ട്രീയ ബദലുകള്‍ കാസര്‍കോട്ടു രൂപപ്പെടേണ്ടതുണ്ട്.
രണ്ട് ഓട്ടോറിക്ഷകള്‍ കൂട്ടിമുട്ടിയാല്‍, കളിക്കളത്തില്‍ ഉരസിയാല്‍, തുറിച്ചുനോക്കിയാല്‍പോലും വര്‍ഗീയപ്രശ്‌നമായി പരിണമിക്കുന്ന നാടാണു കാസര്‍കോട്. വളരെപ്പെട്ടെന്നു ലഹള പടര്‍ന്നുപിടിക്കും. കലാപമുണ്ടാവണമെന്നില്ല, പ്രശ്‌നമുണ്ടെന്നു കേട്ടാല്‍ മാത്രം മതി, ഏഴു മണിയാകുമ്പോഴേയ്ക്കും കടകള്‍ അടയും, തെരുവുകള്‍ നിശ്ശബ്ദമാവും, ഏവരും ഭയപ്പെട്ടു വീടുകളില്‍ വിറങ്ങലിച്ചുനില്‍ക്കും.
കഴിഞ്ഞ ദശാബ്ദത്തിനിടെ ഒമ്പതു മുസ്‌ലിംകള്‍ക്കാണു സംഘ്പരിവാറിന്റെ കരങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ടത്. കുറ്റവാളികളെ സംരക്ഷിക്കാന്‍ മാത്രം വന്‍മാഫിയയുണ്ട്. മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന്‍ കേസ് വാദിക്കാനെത്തും. സാക്ഷികളെ സംരക്ഷിക്കാന്‍ പൊലിസ് തയാറാകുകയില്ല. തെളിവുകളുടെ അഭാവത്തില്‍ കൊലയാളികള്‍ രക്ഷപ്പെടും. ഇതു കൊല ആവര്‍ത്തിക്കപ്പെടാനുള്ള ശക്തിപകരുന്നു.
കാസര്‍കോട്ടുകാരെന്ന നിലയില്‍ കഴിഞ്ഞദിവസം ഏറ്റവും വികാരവിക്ഷോഭം അനുഭവിച്ചവരാണു ഞങ്ങള്‍. പ്രത്യേകപരിഗണനയാണു കാസര്‍കോട്ടുകാര്‍ മദ്രസാധ്യാപകര്‍ക്കും ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ നല്‍കുന്നത്. പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ പ്രത്യേകവിഭാഗത്തിന്റെ വികാരം ആളിക്കത്തിയിരുന്നു. ജില്ലയിലെ നേതാക്കളുടെ അടിയന്തര ഇടപെടലുകളും സമീപകാലത്തു കര്‍ക്കശമായി പാലിച്ചുവരുന്ന സമാധാനമനോഭാവവുമാണു വീണ്ടുമൊരു കലാപത്തില്‍നിന്നു നാടിനെ രക്ഷിച്ചത്.
കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ടവരെമാത്രം വളര്‍ത്തുന്നതു മാഫിയാസംഘങ്ങളാണ്. റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ പിടിക്കപ്പെട്ടവര്‍ അര്‍ധരാത്രിവരെ ബിയറും ബ്രാന്‍ഡിയും കുടിച്ചശേഷം കഞ്ചാവു പുകച്ചിരുന്നെന്നാണു പൊലിസ് പറയുന്നത്. കടുത്തലഹരിയില്‍ പ്രതി അജേഷ് താനിന്ന് ആരെയെങ്കിലും കൊല്ലുമെന്നു പറഞ്ഞു കൈയില്‍ കരുതിയ കത്തിയുമായി താളിപ്പടുപ്പില്‍ മുതല്‍ കേളുഗുഡെ വരെ നടന്നുപോയി. അഖിലേഷും നിധിനും ബൈക്കില്‍ പിന്തുടര്‍ന്നു. വിജനമായ റോഡില്‍ ബൈക്കിന്റെ വെളിച്ചത്തിലാണ് അജേഷ് നടന്നുനീങ്ങിയത്. പിന്നീട് പഴയ ചൂരി പള്ളിയില്‍ കയറി റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവത്രെ. പ്രതികളെല്ലാം 25 വയസിനു താഴെയുള്ളവര്‍. കൗമാരപ്രായത്തിലെ വര്‍ഗീയമനസ് പാകപ്പെടുത്തുന്നതില്‍ ലഹരികളുടെ പങ്ക് ചെറുതല്ല. കാസര്‍കോട്ടെ പ്രാന്തപ്രദേശങ്ങളിലെല്ലാം കഞ്ചാവു സുലഭമാണ്. ലഹരിയുടെ ആസക്തിയില്‍ ലയിച്ച് എന്തുംചെയ്യാന്‍ മടിക്കാത്ത ഒരു പറ്റം ക്രിമിനലുകള്‍ വിലസുന്ന നാടായി മാറുകയാണു കാസര്‍കോട്്. പ്രതികള്‍ക്കെതിരേ കാപ്പ ചുമത്താനോ, യു.എ.പി.എ ചുമത്താനോ പൊലിസ് ശ്രമിക്കാത്തതു കേസില്‍നിന്നു വലിഞ്ഞൂരാന്‍ എളുപ്പമാകുന്നു.
ഇത്തരം കൊലക്കേസുകളില്‍ യഥാര്‍ത്ഥപ്രതികളല്ല പിടികൂടപ്പെടുന്നത്. കര്‍ണാടകത്തോട് അടുത്തായതിനാല്‍ അവര്‍ക്കു പെട്ടെന്നു രക്ഷപ്പെടാനാകും. അവിടെ അവര്‍ക്കു താവളമൊരുക്കി സംരക്ഷിക്കാന്‍ പ്രത്യേകസംഘങ്ങളുണ്ട്. അതിര്‍ത്തികടന്നവരെക്കുറിച്ചു വേണ്ടവിധത്തില്‍ അന്വേഷിക്കാറില്ല. കാസര്‍കോട്ടു പ്രശ്‌നംമൂര്‍ച്ഛിച്ചാല്‍ കര്‍ണാടകയില്‍ നിന്നു ക്വട്ടേഷന്‍സംഘങ്ങളെത്തിയും കൊലനടത്താറുണ്ട്. പിടിക്കപ്പെടുന്നതു പണമാഗ്രഹിക്കുന്ന പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ മാത്രം.
ഇതിനു മുമ്പുണ്ടായ സാമുദായിക കലാപത്തില്‍ മുഹമ്മദ് ഹാജിയെ ക്വട്ടേഷന്‍ സംഘം ആളുമാറിയാണു കൊന്നത്. ഒരു നോമ്പുകാലത്ത് കടയില്‍നിന്നു മടങ്ങിപ്പോകവെ കുത്തേറ്റു മരിച്ച സാബിത്ത് ഒരു കേസിലും പ്രതിയായിരുന്നില്ല. റമദാനിലും മീലാദിലും നാടിനെ കലാപമുഖരിതമാക്കി സമാധാനത്തിനു ഭംഗംവരുത്താനാണ് ഒരോ വര്‍ഷവും ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ സംയമനം മാത്രമാണു നാടിനെ രക്ഷിക്കുന്നത്.
പത്തുവയസ്സുപോലും തികയാത്ത ഫഹദ് മോന്റെ വധം കേരളമനഃസാക്ഷിയെ ചെറുതായിട്ടൊന്നുമല്ല ഞെട്ടിച്ചത്. വര്‍ഗീയകൊലപാതകങ്ങള്‍ക്കു പേരുകേട്ട കാസര്‍കോട്ടുനിന്നു തന്നെയാണ് ആ വാര്‍ത്തയും വന്നത്. വര്‍ഗീയപ്രസംഗങ്ങള്‍ ശ്രവിച്ചതാണു തങ്ങളെ കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന പ്രതിയുടെ മൊഴി ഗൗരവതരമാണ്. മതത്തിന്റെ പേരില്‍ വര്‍ഗീയവിദ്വേഷങ്ങള്‍ നിറച്ചു രാഷ്ട്രീയലഹളയുണ്ടാക്കാനുള്ള കുത്സിതശ്രമം അതിതീവ്രമായി കാസര്‍കോട്ടു നടക്കുകയാണ്.
മുസ്‌ലിംലീഗ് സമ്മേളനത്തിനുശേഷം അസ്ഹര്‍ എന്ന യുവാവ് കറന്തക്കാട്ടുവച്ചു കുത്തേറ്റുമരിച്ചിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദിന്റെ വധത്തിലെ പ്രതികളെല്ലാം ഇന്നു പുറത്താണ്. സാബിത്ത് വധക്കേസിലെ പ്രതികള്‍ 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണ്. നിയമത്തെയും നീതിയെയും മറികടക്കാന്‍ കഴിയുന്ന ശക്തികളായി മാറുകയാണു കൊലപാതകികള്‍. പുറത്തിറക്കാനായി ആളുകളുണ്ടായിരിക്കെ ഇക്കൂട്ടര്‍ ചില ഉന്നതരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്നു. വീടും കുടുംബവും ഒഴിവാക്കി കൊലയാളികള്‍ ലഹരിയില്‍ അര്‍മാദിച്ചു ജീവിക്കുന്നു.
വര്‍ഗീയവിദ്വേഷം പരത്താനായി പോത്തിന്‍തല പച്ചപെയിന്റടിച്ച് അമ്പലത്തിലേയ്ക്ക് എറിയുക, അമ്പലത്തിന്റെ മതിലുകളില്‍ പച്ചപെയിന്റടിക്കുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്യുന്ന അതേസമുദായത്തില്‍പെട്ട സംഘത്തെ കഴിഞ്ഞവര്‍ഷം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയപ്രശ്‌നങ്ങള്‍ വര്‍ഗീയകലാപമായാണു പരിണമിക്കുന്നത്.
2012 ലെ കാഞ്ഞങ്ങാട് കലാപം രാഷ്ട്രീയപ്രശ്‌നങ്ങളില്‍നിന്നാണ് ഉടലെടുത്തത്. ദിവസങ്ങളോളം നീണ്ട കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ഒരു റിക്ഷ കത്തിച്ചതായിരുന്നു കലാപത്തിനു തുടക്കം. ബോധപൂര്‍വം കലാപം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു റിക്ഷ കത്തിച്ചതെന്നു പിന്നീടു തെളിഞ്ഞു. ഡിസംബര്‍ 6 വര്‍ഷങ്ങളോളം കാസര്‍കോട്ട് അപ്രഖ്യാപിതഹര്‍ത്താല്‍ ദിനമായിരുന്നു. കല്ലേറും റോഡില്‍ ടയറുകള്‍ കത്തിക്കലും വാഹനം തടയലും സജീവമായിരുന്നു.
ബാബരിയുടെ വിധിയുണ്ടായിരുന്ന ദിനത്തില്‍ നഗരത്തില്‍ നേരത്തേതന്നെ കടകളടഞ്ഞു. ജനങ്ങള്‍ പെട്ടെന്നു വീട്ടിലെത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നേരത്തേ വിട്ടു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍, സമീപകാലത്തു വന്‍മാറ്റങ്ങളാണു ജില്ലയിലുണ്ടായത്. ഇസ്‌ലാം പ്രചരണത്തിനു കാസര്‍കോട്ടെത്തിയ മാലിക്ക് ബ്‌നു ദീനാറിനും സംഘത്തിനും ഇളനീര്‍ നല്‍കി സ്വീകരിച്ച പാരമ്പര്യമാണ് ഇവിടത്തെ ഹൈന്ദവസുഹൃത്തുക്കള്‍ക്കുള്ളത്.
ബോധപൂര്‍വം വര്‍ഗീയത തലയില്‍കയറ്റി കലാപത്തിനു ശ്രമിക്കുന്നവരെ തടയാന്‍ പൊലിസിനു കഴിയണം. ശക്തമായ വകുപ്പുകളും അര്‍ഹമായ ശിക്ഷകളും ലഭ്യമാക്കണം. കാസര്‍കോടിനെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന ദിനങ്ങളെ ഇല്ലാതാക്കണം. ശാന്തിയും സമാധാനവും സന്തോഷവും തിരിച്ചുകൊണ്ടുവരണം. സപ്തഭാഷകളുടെ നാടിനു സ്വസ്ഥമായി കഴിയാന്‍ വര്‍ഗീയവിഷപ്പാമ്പുകളെ അകത്തിടാന്‍ അധികാരികള്‍ മുന്നോട്ടുവരികതന്നെ ചെയ്യണം.
ഉത്തരേന്ത്യയിലെ വോട്ടുകള്‍ ഏകീകരിക്കാനായി കലാപങ്ങള്‍ കോപ്പുകൂട്ടുന്ന വര്‍ഗീയ മുന്നണിയുടെ തന്ത്രങ്ങളാണു കാസര്‍കോട്ട് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് കാസര്‍കോട് കേന്ദ്രമാക്കി ചില നേതാക്കളുടെ പ്രവര്‍ത്തനം കലാപശ്രമങ്ങള്‍ക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഫാസിസം കത്തുന്ന മറ്റൊരു മുസാഫര്‍ബാദോ ഗുജറാത്തോ സൃഷ്ടിക്കാന്‍ ധൃതിപ്പെടുന്നവരെ തടയിടാന്‍ ശക്തമായ രാഷ്ട്രീയ ബദലുകള്‍ കാസര്‍കോട്ടു രൂപപ്പെടേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."