കെ.എസ്.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നു വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു മാര്‍ച്ച്. സെക്രട്ടേറിയറ്റിന് 100 മീറ്റര്‍ അകലെ ബാരിക്കേഡ് ഉയര്‍ത്തി പൊലിസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടക്കാനുള്ള കെ.എസ്.യു പ്രവര്‍ത്തകരുടെ ശ്രമം പൊലിസ് തടഞ്ഞതോടെയാണു സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ കൊടികെട്ടിയ വടി പൊലിസിന് നേരെ എറിഞ്ഞതോടെ പൊലിസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെ നിരവധി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
തുടര്‍ന്നു പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. മാര്‍ച്ച് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന് ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."