മിഠായിത്തെരുവ് തീപിടിത്തം: സുരക്ഷാപരിശോധന ആരംഭിച്ചു
കോഴിക്കോട്: മിഠായിത്തെരുവ് തീപിടിത്തത്തെ തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ കച്ചവടസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥതല പരിശോധന തുടങ്ങി.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ടേഴ്‌സ് ഓഫിസര്‍ ശ്രീജയുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്. ഭൂരിഭാഗം കടകളിലെയും വയറിങുകളില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തി. മീറ്റര്‍ ഘടിപ്പിച്ചതിലും ക്രമക്കേടുണ്ട്. തീപിടിത്തമുണ്ടാകാനുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെയും നേതൃത്വത്തിലുള്ള പരിശോധന ഇന്ന് ആരംഭിക്കും. ഒരാഴ്ചത്തേക്കാണു സംയുക്തപരിശോധന.
ഫയര്‍ഫോഴ്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ടേഴ്‌സ്, കോര്‍പറേഷന്‍, റവന്യു വകുപ്പ്, കെ.എസ്.ഇ.ബി വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിഠായിത്തെരുവില്‍ പരിശോധന നടത്തുക. ദുരന്തനിവാരണ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ കടക്കും.
വൈദ്യുതിലൈനുകള്‍ മാറ്റി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുന്നതിനും ജലസംഭരണി നിര്‍മാണത്തിനും പൈതൃകപദ്ധതിയ്ക്കുമെല്ലാം സാങ്കേതിക അനുമതി ലഭിച്ചതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങളും വൈകാതെ ആരംഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."