സ്‌കൂളിനുസമീപം കഞ്ചാവ് വില്‍പ്പന: രണ്ട് യുവാക്കള്‍ പിടിയില്‍
കായംകുളം: സ്‌കൂളിനുസമീപം വില്‍പ്പനക്കായി കൊണ്ടുവന്ന 23 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. മങ്കുഴി കാര്‍ത്തിക വീട്ടില്‍ അരുണ്‍ കൃഷ്ണന്‍ (19), തുളസിത്തറയില്‍ ശ്രീകുമാര്‍ (21) എന്നിവരാണ് പിടിയിലായത്.
കാപ്പില്‍ വിശ്വഭാരതി സ്‌കൂളിനുസമീപം കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ എക്‌സൈസ് എസ്.ഐ ഇ.ആര്‍ ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുകയായിരുന്നു.
സ്‌കൂളിനു സമീപം ബൈക്കിലെത്തുന്ന സംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നതായി എക്‌സൈസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. കമ്മീഷണറുടെ നിര്‍ദേശ പ്രകാരം സ്‌കൂളിനു സമീപം ഷാഡോ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് ചില്ലറ വില്‍പ്പനക്കാരായ ഇവര്‍ പിടിയിലായത്. സംഭവസമയത്ത് ഇവര്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘം അവിടെ എത്തിയെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. എക്‌സൈസ് സംഘം ബൈക്കിനു പിന്നാലെ പോയെങ്കിലും പിടികൂടാനായില്ല.
എന്നാല്‍ ഇവരെകുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടനടി പിടികൂടുമെന്നും എസ്.ഐ ഇ.ആര്‍ ഗിരീഷ്‌കുമാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് കഞ്ചാവ് വില്‍പ്പനക്കാരായ ഐക്യജംഗ്ഷന്‍ തുളീനയ്യത്ത് ഷാലു (23), സഹോദരന്‍ സക്കീര്‍ ഹുസൈന്‍ (18) എന്നിവരെ പിടികൂടിയിരുന്നു. കായംകുളം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന സംഘം ഉള്ളതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് വിദ്യാര്‍ഥികളെ കുറച്ച് നാളുകളായി നിരീക്ഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."