ചെയര്‍മാനെ ലഭിച്ചിട്ടും പൊന്നാനി കോള്‍ വികസനം കടലാസില്‍തന്നെ
പൊന്നാനി: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പൊന്നാനി കോള്‍ വികസനസമിതിക്ക് ചെയര്‍മാനെ ലഭിച്ചിട്ടും വികസനം പാതിവഴിയിലെന്ന് ആരോപണം. ഭക്ഷ്യസുരക്ഷയ്ക്കായി 800 കോടി രൂപയുടെ വികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കോള്‍പാക്കേജാണ് ഉദ്യോഗസ്ഥരുടെ വീഴ്ചയെ തുടര്‍ന്ന് നടപ്പാകാത്തത്. വികസനത്തിന്റെ ആദ്യഘട്ടമായ അടിസ്ഥാന സൗകര്യമൊരുക്കുക എന്നതുതന്നെ ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല. കോള്‍വികസന സമിതിക്ക് ചെയര്‍മാനില്ലാത്തതായിരുന്നു ഇതുവരെ വികസനങ്ങള്‍ നടക്കാതെ പോയതിനു കാരണം. എന്നാല്‍ ഇപ്പോള്‍ ചെയര്‍മാനെ ലഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും കോള്‍വികസനസമിതിയുടെ യോഗം വിളിക്കാന്‍പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കിയാണ് ആഴ്ചകള്‍ക്ക് മുന്‍പ് പൊന്നാനി കോള്‍ വികസന അതോറിറ്റിയുടെ ചെയര്‍മാനായി തൃശൂര്‍ എം.പി സി.എന്‍ ജയദേവനെ നിയമിച്ചത്.
മൂന്നുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാന്‍ അനുവദിച്ച 375 കോടിയുടെ പകുതി തുകപോലും അഞ്ചു വര്‍ഷമായിട്ടും ഉപയോഗിച്ചിട്ടില്ല. കോള്‍ വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തിയാല്‍ മാത്രമേ പൊന്നാനി കോള്‍മേഖലയില്‍ നെല്‍കൃഷി വ്യാപനം സാധ്യമാകൂ. ഒന്നാംഘട്ട വികസനത്തോടൊപ്പം ചെയ്തുതീര്‍ക്കേണ്ട കനാല്‍, റാംപ്, എന്‍ജിന്‍ തറ എന്നിവയുടെ നിര്‍മാണം ഇതുവരെയും തുടങ്ങാനായിട്ടില്ല. ഇവയുടെ എസ്റ്റിമേറ്റ് കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രണ്ടു വര്‍ഷം മുന്‍പ് തയാറാക്കിയിരുന്നു. നിര്‍മാണത്തിനായി 103 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി സമര്‍പ്പിക്കല്‍, ടെന്‍ഡര്‍ ക്ഷണിക്കല്‍ എന്നിവയും നടത്തിയിട്ടില്ല.
മലപ്പുറം, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്ന പൊന്നാനി കോള്‍മേഖലയിലെ നെല്‍കൃഷിയുടെ സമഗ്ര വികസനത്തിനു നേതൃത്വം നല്‍കാന്‍ കൃഷിവകുപ്പിന്റെ നിയന്ത്രണത്തില്‍ 2011ല്‍ രൂപീകരിച്ചതാണ് തൃശൂര്‍, പൊന്നാനി കോള്‍വികസന അതോറിറ്റി.
കുന്ദംകുളം വെട്ടിക്കടവ് മുതല്‍ ബിയ്യംകായല്‍ വരെ വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോള്‍മേഖല വര്‍ഷങ്ങളായി അവഗണനയിലായിരുന്നു. 12000 ഏക്കറിലായി 60 പാടശേഖരങ്ങള്‍ ഉണ്ടെങ്കിലും സൗകര്യക്കുറവിനെ തുടര്‍ന്ന് 7000 ഏക്കറില്‍ മാത്രമാണ് നിലവില്‍ കൃഷിയിറക്കുന്നത്. നിലവില്‍ നാലു മാസത്തെ പുഞ്ചകൃഷിയില്‍നിന്ന് 45 കോടി രൂപയുടെ നെല്ലാണ് വര്‍ഷംതോറും ഉല്‍പ്പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."