കരിപ്പൂരില്‍ വേനല്‍ക്കാല ഷെഡ്യൂള്‍ പുറത്തിറക്കി
കൊണ്ടോട്ടി: ഗള്‍ഫിലേക്ക് പുതിയ സര്‍വിസുകള്‍ ഉള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. 27 മുതല്‍ ഒക്ടോബര്‍ 28വരെയുളള കാലയളവില്‍ രൂപപ്പെടുത്തിയ വേനല്‍ക്കാല ഷെഡ്യൂളില്‍ എയര്‍ഇന്ത്യയും എയര്‍ഇന്ത്യ എക്സ്പ്രസും ഗള്‍ഫിലേക്കുളള സര്‍വിസ് വര്‍ധിപ്പിക്കുകയോ, ഷെഡ്യൂളില്‍ മാറ്റംവരുത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ കൊച്ചിയിലേക്ക് രാത്രി 12ന് പുതിയ സര്‍വിസ് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
കരിപ്പൂരില്‍നിന്നു സലാലയിലേക്ക് ഇന്നലെ മുതല്‍ ഒമാന്‍ എയര്‍ പുതിയ സര്‍വിസ് തുടങ്ങി. രാവിലെ 5.50ന് സലാലയില്‍ നിന്നെത്തുന്ന വിമാനം 6.40ന് തിരിച്ചുപോകും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്ദനന് ആദ്യ യാത്രക്കാരന് ബോര്‍ഡിങ് പാസ് നല്കി പുതിയ സര്‍വിസ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ എയര്‍ റീജനല്‍ വൈസ് പ്രസിഡന്റ് വി.എ സുനില്‍, ഇന്ത്യയിലെ മാനേജര്‍ ഭാനു ഖാലിയ, കോഴിക്കോട് മാനേജര്‍ കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ സംബന്ധിച്ചു. നിലവില്‍ എയര്‍ഇന്ത്യാ എക്സ് പ്രസാണ് കരിപ്പൂരില്‍നിന്നു സലാലയിലേക്ക് സര്‍വിസ് നടത്തുന്നത്. ഒമാന്‍ എയര്‍ മസ്ക്കറ്റിലേക്ക് രണ്ടു വിമാന സര്‍വിസും നടത്തുന്നുണ്ട്. ഇത്തിഹാദ് എയര്‍ ഏപ്രില്‍ ഒന്നു മുതലാണ് അബൂദബിയിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. വൈകിട്ട് 3.35ന് എത്തുന്ന വിമാനം 4.40ന് മടങ്ങും.
അബൂദബിയിലേക്ക് ഇത്തിഹാദിന്റെ വിമാനസമയ ഷെഡ്യൂളില്‍ മാറ്റംവന്നിട്ടുണ്ട്.പുതിയ സമയം അനുസരിച്ച് രാത്രി 9.10ന് എത്തുന്ന വിമാനം 10.15ന് തിരിച്ചുപോകും.ദോഹയില്‍ നിന്നുളള ഖത്തര്‍ എയര്‍വേസ് രാവിലെ 9.20ന് എത്തി 10.20ന് തിരിച്ചുപോകും. പുലര്‍ച്ചെ നാലിന് മസ്കത്തില് നിന്നെത്തുന്ന ഒമാന്‍ എയര്‍ രാവിലെ അഞ്ചിന് തിരിച്ചുപോകും.വൈകിട്ട് 7.10ന് മസ്കത്തില് നിന്നെത്തുന്ന ഒമാന്‍ എയര്‍ രാത്രി എട്ടിനാണ് തിരിച്ചുപോകുക.
ആഭ്യന്തര സെക്ടറില്‍ ചെന്നൈയിലേക്കാണ് എയര്‍ഇന്ത്യയും സ്പൈസ് ജെറ്റും എയര്കാര്ണിവലും ലക്ഷ്യമിടുന്നത്. ചെന്നൈയില്‍ നിന്ന് മറ്റ് ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് കണക്ഷന് സര്‍വിസും വിമാന കമ്പനികള്‍ ലക്ഷ്യംവെക്കുന്നുണ്ട്. എയര്‍ ഇന്ത്യ കരിപ്പൂര്‍-ദില്ലി സര്‍വിസ് ആരംഭിക്കുമ്പോള്‍, ജെറ്റ് എയര്‍വെയ്സ് മുംബൈയിലേക്കാണ് സര്‍വിസ് ആരംഭിക്കുന്നത്. സ്പൈയ്സ് ജെറ്റ് ചെന്നൈക്ക് പുറമെ ബംഗളൂരുവിലേക്കും സര്‍വിസ് തുടങ്ങും. 72 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനമാണ് കരിപ്പൂര്‍-ചെന്നൈ സെക്ടറില്‍ എയര്‍ കാര്‍ണിവല്‍ ആരംഭിക്കുന്നത്. മെയ് മുതലാണ് വിമാനം സര്‍വിസ് ആരംഭിക്കുകയെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."