പാലിയേക്കര ടോള്‍: അഭിഭാഷക കമ്മിഷന്റെ കണ്ടെത്തല്‍ ഗുരുതരം
പുതുക്കാട് : പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരവധി പരാതികള്‍ ശരിവയ്ക്കുന്നതാണ് അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്.
ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയ കമ്പനി കരാര്‍ ലംഘനം നടത്തിയെന്ന കമ്മിഷന്റെ കണ്ടെത്തല്‍ ഏറെ ഗുരുതരമാണ്.
പുതുക്കാട് സമഗ്ര വികസന സമിതി ചെയര്‍മാനായിരുന്ന ജോബി പുളിക്കന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ പരിശോധന നടത്തിയത്.
ദേശീയപാത നിര്‍മാണ ചുമതലയുള്ള ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈ. ലി. കമ്പനി കരാര്‍ ലംഘനം നടത്തിയെന്നും അടിസ്ഥാന സൗകര്യവികസനത്തില്‍ വീഴ്ചവരുത്തിയതായും മനുഷ്യാവകാശ കമ്മിഷന്‍ നിയോഗിച്ച അഡ്വ പി. പ്രമോദ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ടോള്‍പ്ലാസയിലും ദേശീയപാതയില്‍ മണ്ണൂത്തി മുതല്‍ കൊരട്ടിവരേയും രണ്ടുഘട്ടങ്ങളിലായി കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
കമ്പനി അധികൃതര്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നെല്ലാം മൊഴിയെടുത്ത ശേഷമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2012 ഫെബ്രുവരിയിലാണ് ദേശീയപാത പാലിയേക്കരയില്‍ ടോള്‍പിരിവ് ആരംഭിച്ചത്.
തുടര്‍ന്നുള്ള സമയത്ത് ദേശീയപാത വികസനം പൂര്‍ത്തിയാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ടോള്‍ പിരിക്കുന്നതോടൊപ്പം കരാറില്‍ പറയുന്ന അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കണ്‍സഷര്‍ കമ്പനിക്ക് ഉത്തരവാദിത്തമുണ്ട്.ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ചട്ടലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിനുള്ള അവകാശവും കമ്പനിക്ക് നല്‍കിക്കൊണ്ടാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. കമ്പനിയുടെ കരാര്‍ലംഘനം പ്രത്യേകം കണ്ട് രേഖപ്പെടുത്തിയിട്ടുള്ള കമ്മിഷന്‍ 45 ഇനങ്ങളായി തിരിച്ച് തെളിവുകളുള്‍പ്പെടെയാണ് വിശദമാക്കിയിരിക്കുന്നത്.
2015 സെപ്തംബര്‍ മാസം ചുമതലയേറ്റെടുത്ത കമ്മിഷന്‍ രണ്ടര വര്‍ഷത്തിനുശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
72 കിലോമീറ്റര്‍ ടോള്‍പാത ഉപയോഗിക്കുന്നതിനുസരിച്ചല്ല ടോള്‍ പിരിവ് എന്നതാണ് കമ്മിഷന്‍ അശാസ്ത്രീയമെന്ന് പറയുന്നത്. ടോള്‍പ്ലാസ സെന്ററിലൂടെ കടന്നുപോകുന്ന വാഹനമാണ് ടോള്‍ നല്‍കേണ്ടിവരുന്നത്.
അങ്കമാലി മുതല്‍ ആമ്പല്ലൂര്‍വരെയും തലോര്‍ മുതല്‍ മണ്ണൂത്തിവരേയും ആറുവരിപാത ഉപയോഗിക്കുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടി വരുന്നില്ല എന്നതും കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു.
2012ല്‍ ടോള്‍ പിരിവ് ആരംഭിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ ദേശീയപാതയില്‍ 360 അപകട മരണങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുതും വലുതുമായി 1661 വാഹനാപകടങ്ങളുണ്ടായി. 2029 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 196 പേര്‍ കാല്‍നടയാത്രക്കാരാണ്. 54 പേര്‍ക്ക് ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ദേശീയപാതയുടെ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കണ്‍സഷര്‍ കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്.
കരാറില്‍ പറയുന്ന നിലവാരത്തിലുള്ള ഒരു ബസ് ബേയോ കാത്തിരിപ്പു കേന്ദ്രമോ ദേശീയ പാതയിലില്ല.
പുതുക്കാട് സെന്ററിലെ അടിപ്പാത നിര്‍മാണത്തിനുള്ള ഒരു നീക്കവും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."