സംസ്ഥാനത്ത് അരി വില ക്രമാതീതമായി വര്‍ധിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്
മലപ്പുറം: സംസ്ഥാനത്ത് അരിയുടെ വില ക്രമാതീതമായി വര്‍ധിച്ചതായി സര്‍ക്കാറിന്റെ അവലോകന റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനു കീഴിലുള്ള പ്രൈസസ് വിഭാഗം നടത്തിയ സമഗ്ര അവലോകന റിപ്പോര്‍ട്ടിലാണ് അരിയുടെ വില മാസംതോറും വര്‍ധിച്ചതായി പറയുന്നത്. അരിവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എല്ലാ ജില്ലകളില്‍ നിന്നുള്ള അരിയുടെ വില പരിശോധിച്ചപ്പോള്‍ മിക്ക ഇനത്തില്‍പെട്ട അരിയുടെയും വില കഴിഞ്ഞ മാസങ്ങളില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ ജില്ലയിലും റിസര്‍ച്ച് ഓഫിസര്‍ നേരിട്ട് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ആന്ധ്രയില്‍ നിന്നു വരുന്ന ജയ ഇനത്തില്‍പെട്ട അരിക്കാണ് കാര്യമായ വര്‍ധനവുണ്ടായിട്ടുള്ളത്. കൂടാതെ പാലക്കാടന്‍ ജയ, മട്ട എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ചെറിയ തോതിലുള്ള വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും ഫെബ്രുവരി മുതലാണ് വന്‍തോതിലുള്ള വര്‍ധനവുണ്ടായത്. ഈ വര്‍ധനവ് മാര്‍ച്ച് മാസം ആദ്യം വരെ തുടര്‍ന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഇടപെടല്‍ കാരണം മാര്‍ക്കറ്റിലെ വില സ്ഥിരത നേടിയിട്ടുണ്ടെന്നും അവലോകന റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സംസ്ഥാന ശരാശരിയില്‍ 31 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ജയ, പാലക്കാടന്‍ ജയ എന്നിവക്ക് 58 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്ധ്രയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ജയ അരിക്കാണ് ഏറ്റവും കൂടുതല്‍ വിലകൂടിയത്. ജനുവരി ആദ്യവാരം 32 രൂപ മുതല്‍ 40 രൂപ വരെ രേഖപ്പെടുത്തിയ ജയ അരിയുടെ വില മാര്‍ച്ച് മാസത്തില്‍ 50 രൂപ വരെയായി. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഇവിടെ ജനുവരി ആദ്യവാരം 35 രൂപയായിരുന്നത് മാര്‍ച്ച് ആദ്യവാരം 50 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്ന മട്ട അരി ജനുവരി ആദ്യവാരം 32 രൂപ മുതല്‍ 42 രൂപവരെ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തത് മാര്‍ച്ച് മാസത്തില്‍ 35 മുതല്‍ 47 രൂപവരെയായി.
റോസ് അരിക്ക് ജനുവരി ആദ്യവാരം 34 രൂപ മുതല്‍ 41 വരെയായിരുന്നു വില. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ 40 മുതല്‍ 48 വരെയായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉപയോഗിക്കുന്ന വെള്ള ഇനത്തില്‍പെട്ട ആന്ധ്ര അരിക്ക് ജനുവരിയിലെ വില 31 രൂപ മുതല്‍ 38 വെരയായിരുന്നു. ഇത് മാര്‍ച്ചില്‍ 48 രൂപയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായ മറ്റൊരു ഇനം അരിയാണ് പാലക്കാടന്‍ ജയ.
ജനുവരി ആദ്യവാരം 35 രൂപമുതല്‍ 48 വരെയായിരുന്നു ഇതിന്റെ വില. മാര്‍ച്ചില്‍ ഇത് 48 രൂപയായി വര്‍ധിച്ചു. കുറുവ അരി 34 രൂപയില്‍ നിന്നു 38 രൂപയായും വര്‍ധിച്ചു. പ്രധാനമായും ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള ബോധന അരിക്ക് കാര്യമായ വിലക്കയറ്റം ഈ കാലയളവില്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."