ഇന്ത്യ വിജയതീരത്തേക്ക്: പരമ്പര സ്വന്തമാക്കാന്‍ 87 റണ്‍സ് മാത്രം
ധര്‍മശാല: ആസ്‌ത്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്.
ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായകമായ 32 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ കങ്കാരുക്കളെ 137 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. മറുപടി ബാറ്റിങില്‍ മൂന്നാം ദിനം കളിയവസാനിപ്പിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 19 റണ്‍സെടുത്തിട്ടുണ്ട് ആതിഥേയര്‍. 10 വിക്കറ്റ് ശേഷിക്കെ 87 റണ്‍സ് മാത്രം ഇന്ത്യക്ക് ജയിക്കാന്‍. അങ്ങനെയെങ്കില്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.
106 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ലോകേഷ് രാഹുല്‍(13*) മുരളി വിജയ്(6*)എന്നിവര്‍ മൂന്നാം ദിനത്തെ ശേഷിച്ച ആറോവറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. രാഹുല്‍ മൂന്ന് ബൗണ്ടറിയടിച്ചിട്ടുണ്ട്. നേരത്തെ ആറിന് 248 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ(63) വൃദ്ധിമാന്‍ സാഹ(31) എന്നിവരുടെ ബാറ്റിങാണ് ലീഡ് സമ്മാനിച്ചത്.
95 പന്ത് നേരിട്ട ജഡേജ നാലു ബൗണ്ടറിയും നാലു സിക്‌സറും പറത്തി. ഭുവനേശ്വര്‍ കുമാര്‍90) കുല്‍ദീപ് യാദവ്(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റെടുത്തു.
കമ്മിന്‍സിന് മൂന്നും ഒക്കീഫ്,ഹാസെല്‍വുഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
മറുപടി ബാറ്റിങില്‍ മാറി കൊണ്ടിരിക്കുന്ന പിച്ച് ആസ്‌ത്രേലിയയെ വട്ടം കറക്കുന്നതാണ് കണ്ടത്. പേസ് ബൗളിങിനെയും സ്പിന്നിനെയും ഒരേ രീതിയില്‍ പിന്തുണച്ച പിച്ചില്‍ ആദ്യം പുറത്തായത് ഡേവിഡ് വാര്‍ണര്‍(6) ആണ്. ഉമേഷ് യാദവിന്റെ പന്തിലായിരുന്നു പുറത്തായത്. സ്റ്റീവന്‍ സ്മിത്ത്(17) ഊഴമായിരുന്നു അടുത്തത്. ഭുവനേശ്വര്‍ കുമാര്‍ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മാറ്റ് റെന്‍ഷാ(8) തൊട്ടുപിന്നാലെ തന്നെ പുറത്തായി.
പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(18) ഗ്ലെന്‍ മാക്‌സ്‌വെല്‍(45) സഖ്യം ചേര്‍ന്നാണ് പിന്നീട് സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയത്. മാക്‌സ്‌വെല്‍ 60 പന്ത് നേരിട്ട് ആറു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു.
56 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഉണ്ടാക്കിയത്. ഹാന്‍ഡ്‌സ്‌കോമ്പിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത് അശ്വിനാണ്. പിന്നാലെ തന്നെ ഷോണ്‍ മാര്‍ഷ്(1) മടങ്ങി. ഇവിടം തൊട്ട് ഓസീസ് ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് കണ്ടത്. പാറ്റ് കമ്മിന്‍സ്(12) ഒക്കീഫ്(0) ലിയോണ്‍(0) ഹാസെല്‍വുഡ്(0) എന്നിവര്‍ പെട്ടെന്ന് കൂടാരം കയറി.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവ്, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യക്കായി ബൗളിങില്‍ തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."