ജസ്റ്റിസ് ആന്റണി ഡൊമനിക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: വാഴാപ്പുര കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യവകാശ കമ്മിഷന്‍ ആക്ടിങ്ങ് ചെയര്‍മാനെ തുരത്തി സര്‍ക്കാര്‍. ഇന്ന് ഹൈക്കോടതി പടിയിറങ്ങുന്ന ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനികിന് പുതിയ നിയോഗം.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തു.
മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങിയ സമിതിയാണ് ശുപാര്‍ശ ചെയ്തത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന നവനീതി പ്രസാദ് സിങ് കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് വിരമിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ആന്റണി ഡൊമനിക് ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
1981ലാണ് ആന്റണി ഡൊമനിക് അഭിഭാഷകവൃത്തി ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയിലായിരുന്നു തുടക്കം. 1986 മുതല്‍ ഹൈക്കോടതയില്‍ പ്രാക്ടീസ് ആരംഭിച്ചു. 2007ല്‍ അദ്ദേഹത്തെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയോഗിച്ചു. 2008ല്‍ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം. തുടര്‍ന്ന് ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു.
മനുഷ്യവകാശ കമ്മീഷനിലേയ്ക്ക് സ്ഥിരം ചെയര്‍മാനെ സര്‍ക്കാര്‍ തേടാന്‍ തുടങ്ങിയിട്ട് കുറേ നാളായി. മുഖ്യമന്ത്രിയുടെ ഓഫീസ് അന്യ സംസ്ഥാനത്തെ വിരമിച്ച ജസ്റ്റിസുമാരെ സമീപിച്ചെങ്കിലും മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാനായി കേരളത്തിലെത്താന്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു.
പ്രധാനമായും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് തീര്‍പ്പ് കല്‍പ്പിക്കേണ്ടതിനാല്‍ ഭാഷ പ്രശ്‌നമാകുന്നതിനാലും സംസ്ഥാന മനുഷ്യവകാശ കമ്മീഷനില്‍ ആവശ്യത്തിന് സൗകര്യമില്ലാത്തതിനാലും സമീപിച്ചവരെല്ലാം ഒഴിഞ്ഞുമാറി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിക്കുന്ന ആന്റണി ഡൊമനികിനെ പുതിയ മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് ആന്റണി ഡൊമനികുമായി ആശയവിനിമയം നടത്തിയതിനു ശേഷമാണ് തീരുമാനം. മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാനായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം 2016 സെപ്റ്റംബര്‍ നാലിനാണ് ജസ്റ്റിസ് ജെ.ബി കോശി പടിയിറങ്ങിയത്. അതിനു ശേഷം യോഗ്യതയുള്ള മലയാളികള്‍ ഇല്ലാത്തതിനാല്‍ രണ്ടംഗങ്ങളില്‍ നിന്നും ജില്ലാ ജഡ്ജിയായിരുന്ന മോഹനദാസിനെ കമ്മിഷന്‍ ആക്ടിങ്ങ് ചെയര്‍മാനായി ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാരിനെതിരെ പല കേസുകളിലും മനുഷ്യവകാശ കമ്മിഷന്‍ ഇടപെട്ടിരുന്നുവെങ്കിലും മലയാളികളായ ജസ്റ്റിസുമാരെ ലഭിക്കാത്തതിനാല്‍ മോഹനദാസിനെ തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ വാരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും പ്രസ്താവനകളും മുഖ്യമന്ത്രിയെ ചൊടുപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ധൃതിയില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞത്.
മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രാഷ്ട്രീയ നിയമനമാണെങ്കിലും അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമനം നടത്തുന്നതിന് വ്യക്തമായ മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. 70 വയസില്‍ താഴെയുള്ള ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവരെ മാത്രമേ കമ്മിഷന്‍ ചെയര്‍മാന്‍ പദവിയിലേയ്ക്ക് നിയമിക്കാവൂ എന്നാണ് ചട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."