29 വര്‍ഷത്തിനു ശേഷം ഗിഗ്ഗ്സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പടികളിറങ്ങി
ലണ്ടന്‍: നീണ്ട 29 വര്‍ഷത്തെ ആത്മബന്ധം ഉപേക്ഷിച്ച് ഇതിഹാസ താരം റയാന് ഗിഗ്ഗ്സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പടികളിറങ്ങി. 14ാം വയസ്സില്‍ ക്ലബിലെത്തിയ ഗിഗ്ഗ്സ് 963 മത്സരങ്ങളില്‍ മാഞ്ചസ്റ്ററിനായി കളിച്ച് ഇതിഹാസ ചരിതം തീര്‍ത്ത് പിന്നീട് ക്ലബിന്റെ പരിശീലന സംഘത്തിലും അംഗമായിരുന്നു.
ഫുട്ബോള്‍ താരത്തിന്റെ വേഷം അഴിച്ചു വച്ച് അന്നത്തെ പരിശീലകന് ഡേവിഡ് മോയസിന്റെ അസിസ്റ്റന്റായ ഗിഗ്ഗ്സ് പിന്നീട് ലൂയീസ് വാന്‍ ഗാല്‍ പരിശീലകനായപ്പോഴും തത്സ്ഥാനത്തു തുടര്‍ന്നിരുന്നു. എന്നാല്‍ പുതിയ സീസണില്‍ ജോസ് മൗറീഞ്ഞോ മാഞ്ചസ്റ്ററില്‍ പരിശീലകനായി എത്തിയതോടെയാണ് ഗിഗ്ഗ്സ് ക്ലബ് വിടാന്‍ തീരുമാനിച്ചത്. മൗറീഞ്ഞോയ്ക്ക് കീഴിലും അസിസ്റ്റന്റ് പദവിയില്‍ തുടരാന്‍ ക്ലബ് ആവശ്യപ്പെട്ടെങ്കിലും ഗിഗ്ഗ്സ് അതു നിരസിച്ചതായി ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പരിശീലക സ്ഥാനം ഏറ്റെടുത്ത മൗറീഞ്ഞോ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ഭാവിയെക്കുറിച്ച് ഇതിഹാസ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രമുഖ ബ്രിട്ടീഷ് ടെലിവിഷനു വേണ്ടി യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ വിലയിരുത്താന്‍ ഗിഗ്ഗ്സ് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഭാവിയില്‍ മറ്റൊരു ക്ലബിന്റെ പരിശീലകനായി ഗിഗ്ഗ്സ് സജീവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."