ആം ആദ്മി എം.എല്‍.എ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി പാര്‍ട്ടി നേതാവും ഡല്‍ഹി എം.എല്‍.എയുമായ വേദ്പ്രകാശ് സതീഷ് രാജിവച്ചു. 2015ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അരവിന്ദ് കെജ്്രിവാള്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവച്ചത്. എം.എല്‍.എ സ്ഥാനവും രാജിവച്ച അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയും ചെയ്തു.
ഡല്‍ഹിയിലെ ഭവാനാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഞാന്‍ രാജിവയ്ക്കുകയാണെന്നും രാജിക്കത്ത് സ്പീക്കര്‍ക്ക് അയച്ചുകൊടുത്തതായും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. അടുത്തമാസമാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി ഡല്‍ഹി ഓഫിസില്‍ പാര്‍ട്ടി പ്രസിഡന്റ് മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. ആംആദ്മി പാര്‍ട്ടിയിലെ എം.എല്‍.എമാരെല്ലാം നിരാശരാണെന്നും പാര്‍ട്ടി നേതൃത്വത്തോട് കടുത്ത എതിര്‍പ്പാണ് ഇവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."