തീരമേഖലയില്‍ കടലിന്റെ കലിയും...
മട്ടാഞ്ചേരി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തീരദേശ ജനതയുടെ നെഞ്ചിടിപ്പേറി. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴയെ തുടര്‍ന്ന് തീരമേഖലയായ ചെല്ലാനം, സൗദി മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമായി. കടല്‍, തീരം കവിഞ്ഞ് ആഞ്ഞടിച്ചതോടെ വീടുകളില്‍ വെള്ളം കയറി. ആഞ്ഞൂറോളം വീടുകള്‍ വെള്ളത്തിലായി. വീടുകളില്‍ സൂക്ഷിച്ചിരുന്ന ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ ഒലിച്ച് പോയി.
വെള്ളം റോഡിലേക്ക് ഇരച്ച് കയറിയതോടെ റോഡും തോടും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി. ഇതിനിടെ ഇടക്കിടെയുണ്ടാകുന്ന ശക്തമായ കാറ്റും തീരജനതയെ ആശങ്കയിലാക്കി. റോഡില്‍ നിറയെ വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള ബസ് ഗതാഗതം തടസപ്പെട്ടു. വര്‍ഷങ്ങളായുള്ള തീരജനതയുടെ ആവശ്യമായ പുലിമുട്ട് നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കടല്‍ക്ഷോഭം രൂക്ഷമായത്.
അടിയന്തിരമായി തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തികള്‍ നിര്‍മിക്കണമെന്ന ആവശ്യത്തിനും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ക്ഷുഭിതരായ നാട്ടുകാര്‍ തടിയും മറ്റും ഉപയോഗിച്ച് റോഡ് ഉപരോധിച്ചു. കൊച്ചി തഹസില്‍ദാര്‍ ആംബ്രോസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സമരക്കാരെ അനു നയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാട്ടുകാര്‍.
വൈകിട്ട് കടല്‍ അല്‍പ്പം ശാന്തമായെങ്കിലും രാത്രിയില്‍ രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചെല്ലാനത്ത് രണ്ടിടത്ത് ദുരിതാശ്വാസ ക്യാംപ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ചെല്ലാനം സെന്റ് മേരീസ് സ്‌ക്കൂള്‍, പുത്തന്‍ തോട് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവടങ്ങളിലാണ് ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ക്യാംപിലേക്ക് പോകാന്‍ നാട്ടുകാര്‍ തയ്യാറായില്ല.
കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിക്കുന്നത് വരെ എങ്ങും പോകാന്‍ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. സൗദി, മാനാശ്ശേരി ഭാഗങ്ങളിലും രൂക്ഷമായ കടല്‍ കയറ്റമാണുണ്ടായത്. അതേസമയം കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ചെല്ലാനം മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെയുള്ള തീരമേഖലയില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."