മഴയെത്തി...
കൊച്ചി:മഴയെത്തിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളക്കെട്ടിലായി. രാവിലെ പെയ്ത ശക്തമായ മഴ ജില്ലയുടെ വിവിധയിടങ്ങളില്‍ നാശം വിതച്ചു. രാവിലെ മുതല്‍ പെയ്തു തുടങ്ങിയ മഴയില്‍ കുതിര്‍ന്നാണ് പലരും ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്തിയത്. ജില്ലയിലെ നഗര പ്രദേശങ്ങളെയാണ് മഴ സാരമായി ബാധിച്ചത്. പലറോഡുകളും പതിവുപോലെ വെള്ളത്തിനടിയിലായി. കുമിഞ്ഞുകൂടി കിടന്ന മാലിന്യമായിരുന്നു മറ്റൊരു വില്ലന്‍. ചവറില്‍ തട്ടി വെള്ളം ഒഴുകിപ്പോകാതിരുന്നത് കാല്‍നടയാത്രക്കാരെ വലച്ചു. തുടക്കത്തില്‍ അല്പനേരം മാത്രമാണ് മഴ പെയ്തതെങ്കിലും നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. അവസാനഘട്ടത്തിലായ മഴക്കാലപൂര്‍വ ശുചീകരണപ്രവര്ത്തനത്തെയും മഴ സാരമായി ബാധിച്ചു.
സ്ലാബുകളിളക്കി കാനയിലെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തിരുന്ന പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. കാനയിലേക്ക് മഴവെള്ളം അടിച്ചുകയറിയത് ശുചീകരണപ്രവര്ത്തനത്തെ സാരമായി ബാധിച്ചു. ഗാന്ധി നഗര്‍, കമ്മട്ടിപ്പാടം, സൗത്ത് കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡ്് എന്നിവിടങ്ങളില്‍ മഴപെയ്ത് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ ചെളി പ്രദേശമായി മാറി കഴിഞ്ഞു. കമ്മട്ടിപ്പാടത്തിന് സമീപത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ചവറുകൂനകള്‍ കൂടി കിടന്നതും പ്രതിസന്ധി സൃഷ്ടിച്ചു.
സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന് മുന്നിലും മഴവെള്ളം കെട്ടി കിടന്ന് ചെളിപ്രദേശമായി മാറിയിരിക്കുകയാണ്. പേരണ്ടൂര്‍ കനാലിനോട് ചേര്‍ന്നു കിടക്കുന്ന പിആന്റ്ടി കോളനിയിലെ വീടുകളില്‍ വെള്ളം കയറിയത് 300 ഓളം കുടുംബങ്ങളെ ദുരിതത്തിലാക്കി. സൗത്ത് റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടില്ലെങ്കിലും സമീപമുള്ള കര്‍ഷക റോഡിലും വെള്ളം കയറി.
കലൂര്‍ പള്ളിയുടെ എതിര്‍വശം മാര്‍ക്കറ്റിന് മുന്നില്‍ ചപ്പുചവറുകള്‍ കൂടി കിടക്കുന്നത് മഴപെയ്തതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഉച്ചയ്ക്ക് ശേഷം കാറ്റ് ശക്തമായി വീശിയതും ജനജീവിതം ദുസ്സഹമാക്കി. നഗരത്തിന്റെ ഹൃദയഭാഗത്ത് മെട്രോ നിര്‍മാണത്തോടനുബന്ധിച്ച് റോഡുകള്‍ കുത്തിപ്പൊളിച്ച് പൈപ്പുകള്‍ ഇടുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ ജനജീവിതവും ദുസ്സഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."