അറവുശാലകള്‍ക്ക് നിരോധനം യു.പിയിലെ ബി.ജെ.പി അജന്‍ഡ പാളുന്നു
ലഖ്‌നൗ: അറവുശാലകള്‍ അടച്ചുപൂട്ടുന്നത് ഉത്തര്‍പ്രദേശിന്റെ പ്രധാന വരുമാന മാര്‍ഗത്തെ തടസപ്പെടുത്തുമെന്നുമാത്രമല്ല തൊഴില്‍ മേഖലയിലും വന്‍ തിരിച്ചടിക്കിടയാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പും ഓള്‍ ഇന്ത്യാ മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് ഇറച്ചി സംസ്‌കരണവും കയറ്റുമതിയും. ഇറച്ചി സംസ്‌കരിച്ച് രാജ്യത്തിനകത്തും പുറത്തും കയറ്റുമതി ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ വന്‍ വ്യവസായമാണ്. യു.പി മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതിന് പുറമെ ഇവ പ്രവര്‍ത്തിക്കുന്ന പ്രദേശം ഉള്‍ക്കൊള്ളുന്ന ജില്ലാ മജിസ്‌ട്രേറ്റിന്റെ അംഗീകാരം കൂടി ലഭിക്കണം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിദഗ്ധ സമിതികളായ ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി അടക്കമുള്ളവയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. ഇതെല്ലാം ലഭ്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് പുതിയ സര്‍ക്കാര്‍ വന്നതോടെ അടച്ചുപൂട്ടിയത്. ഇതോടെ സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗം മാത്രമല്ല ഈ രംഗത്തെ തൊഴില്‍ പ്രതിസന്ധിയും രൂക്ഷമാകും.
രാജ്യത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ 72 അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 38 എണ്ണവും ഉത്തര്‍പ്രദേശിലാണ്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നാല് അറവുശാലകളുണ്ട്. ആഗ്ര, സഹരാന്‍പൂര്‍, ലഖ്‌നൗ, ബറെയ്‌ലി എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ നിരവധി 140ഓളം അറവുശാലകള്‍ അനധികൃതമായും പ്രവര്‍ത്തിക്കുന്നുണ്ട്. 50,000 ഇറച്ചിക്കടകളും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന വര്‍ധിച്ചതോതിലുള്ള ഇറച്ചി ആവശ്യങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആവശ്യം പോത്തിറച്ചിക്കാണ്. പ്രാദേശികമായുള്ള ആവശ്യം വര്‍ധിച്ചതും അനധികൃത അറവുശാലകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. യു.പിയില്‍ പ്രതിദിനം 300 മുതല്‍ 3000 വരെ കന്നുകാലികളെ ഇറച്ചിക്കായി കൊല്ലുന്നുണ്ടെന്നാണ് കണക്ക്.
കന്നുകാലികളെ വളര്‍ത്തി വില്‍ക്കുന്നത് ജനങ്ങളുടെ ജീവിതോപാധിയാണ്. പ്രാദേശിക വിപണിയില്‍ ഇവയെ എത്തിച്ച് വന്‍വ്യാപാര സ്ഥാപനങ്ങളിലേക്ക് വില്‍പ്പന നടത്തുന്ന മധ്യവര്‍ത്തികളായ ചെറുകിട വ്യാപാരികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഇറച്ചിക്കായി മൃഗങ്ങളെ വളര്‍ത്തുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ഉത്തര്‍പ്രദേശിന്റെ സാമ്പത്തികാടിത്തറയുടെ പ്രധാന സ്രോതസാണ്. 2008-09 മുതല്‍ 2014-15 വര്‍ഷം വരെ ഉത്തര്‍പ്രദേശില്‍ 7515.14 ലക്ഷം കിലോ പോത്തിറച്ചി കയറ്റുമതി ചെയ്തു. 1171.65 ലക്ഷം കിലോ ആട്ടിറച്ചി, 230.99 ലക്ഷം കിലോ ചെമ്മരിയാടിന്റെ ഇറച്ചി, 1410.32 ലക്ഷം കിലോ പന്നിയിറച്ചി കയറ്റുമതി ചെയ്തതായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
സംസ്ഥാനത്തെ ഇറച്ചി വ്യവസായത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്. ഓരോ ഇറച്ചി സംസ്‌കരണ യൂനിറ്റിനും മൊത്തം മുതല്‍മുടക്കിന്റെ 50 ശതമാനം സാമ്പത്തിക സഹായം കേന്ദ്രം നല്‍കുന്നുണ്ട്. രാജ്യത്ത് നിന്ന് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന ഇറച്ചിയില്‍ 50 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. 25 ലക്ഷം ജനങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും ഈ വ്യവസായ രംഗത്തുള്ളതെന്ന് ഓള്‍ ഇന്ത്യാ മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക്ക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു.
ഓരോ വര്‍ഷവും 26,685 കോടി രൂപയാണ് ഈ വ്യവസായം വഴി ലഭിക്കുന്നത്. അറവുശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്തിനുള്ള വരുമാനത്തില്‍ 11, 350 കോടി രൂപയാണ് കുറവുവരുന്നത്. 2015-16 വര്‍ഷത്തില്‍ 5,65,958.20 മെട്രിക് ടണ്‍ പോത്തിറച്ചി സംസ്ഥാനത്ത് നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."