ബഹ്‌റൈനില്‍ സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ ഒഴിവാക്കാനുള്ള ശ്രമം ഊര്‍ജ്ജിതം
മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ മേഖലയില്‍ വിദേശികളെ ഒഴിവാക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
സര്‍ക്കാര്‍ മേഖലകളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് സിവില്‍ സര്‍വിസ് ബ്യൂറോ നല്‍കിയ മറുപടിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
വിവിധ തസ്തികകളില്‍ ഒഴിവ് വരുമ്പോള്‍ അതിലേക്ക് ആദ്യമായി സ്വദേശികളെ മാത്രമേ പരിഗണിക്കൂവെന്നതാണ് സിവില്‍ സര്‍വിസ് ബ്യൂറോ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്വദേശികള്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ വിദേശികള്‍ക്ക് അവസരം നല്‍കുകയുള്ളൂ.
സ്വദേശികളല്ലാത്തവര്‍ക്ക് വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കുന്നതിനെ സിവില്‍ സര്‍വിസ് ബ്യൂറോ അംഗീകരിക്കുന്നില്ലെന്നും അധികൃതര്‍ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ മാധ്യമങ്ങളില്‍ നല്‍കുന്നതിലും ബ്യൂറോ നിയന്ത്രണങ്ങള്‍ പാലിക്കും.
സ്വദേശി അപേക്ഷകരെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മാത്രമേ ഒഴിവുകള്‍ നികത്താന്‍ വിദേശ മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയുള്ളൂവെന്നും അവരില്‍ നിന്നും അര്‍ഹരായവരെ മാത്രമേ നിയമിക്കൂവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിദേശികളെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേ സമയം ബഹ്‌റൈനില്‍ സര്‍ക്കാതിര മേഖലകളിലും സ്വദേശിവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ)യുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ നീക്കത്തിന്റെ ഭാഗമായി 'സമാന്തര ബഹ്‌റൈന്‍വല്‍ക്കരണ'ത്തിന്റെ രണ്ടാംഘട്ടം ഈ വര്‍ഷം മെയ് മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് 2017 മെയ് 1 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വിദേശികള്‍ക്കെല്ലാം സ്വദേശി വത്കരണവുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ബാധകമാകുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അല്‍ അബ്‌സിയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."