കോട്ടയം ടെക്‌സ്റ്റൈല്‍സ് നവീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: ഇ.പി ജയരാജന്‍
കടുത്തുരുത്തി:- കേരളാ സ്റ്റേറ്റ് ടെക്‌സറ്റൈല്‍സ് കോര്‍പ്പറേഷന്റെ കീഴില്‍ കടുത്തുരുത്തി വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ടെക്‌സ്റ്റൈല്‍സിന്റെ പ്രതിസന്ധി പരിഹരിക്കുന്നതി നവീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്‍.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്.
50 വര്‍ഷത്തിലേറെ പഴക്കമുള്ള 24956 സ്പിന്‍ഡില്‍ കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മില്ലിന് വളരെയേറെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. 2009 ല്‍ 335.22 ലക്ഷം രൂപ ചെലവഴിച്ച് ഭാഗികമായുള്ള മോഡേണൈസേഷന്‍ ചെയ്തിരുന്നതാണ്. നിലവില്‍ 60-ാം നമ്പര്‍, 100-ാം നമ്പര്‍ നൂല്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനത്തിന്റെ കപ്പാസിറ്റി യൂട്ടിലൈസേഷന്‍ 36.55 ശതമാനം മാത്രമാണ്. 2014 - 15 വര്‍ഷം 1234.14 ലക്ഷം രൂപയുടെ ഉല്‍പ്പാദനവും 1220.13 ലക്ഷം രൂപയുടെ വില്‍പ്പനയുമാണ് നടന്നത്. കോട്ടയം ടെക്‌സറ്റൈല്‍സിന് 359.41 ലക്ഷം രൂപയുടെ ബാധ്യത നിലനില്‍ക്കുന്നു. 13 ജീവനക്കാരുള്‍പ്പെടെ 290 തൊഴിലാളികളുള്ള സ്ഥാപനം സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജിന് രൂപം നല്‍കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ടെക്‌സ്റ്റൈല്‍ മേഖല പൊതുവേ നേരിടുന്ന പ്രതിസന്ധി വളരെ ആശങ്കാജനകമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളാ സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടനെ എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളേയും ട്രേഡ് യൂണിയന്‍ നേതാക്കളേയും വിളിച്ച് ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് മന്ത്രി ജയരാജന്‍ അറിയിച്ചു.
ശമ്പളം കൊടുക്കാന്‍ പോലും കഴിയാത്ത ഗുരുതര സ്ഥിതിയില്‍ കമ്പനിയെത്തിയിരിക്കുന്ന കാര്യം മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. ടെക്‌സ്റ്റൈല്‍ മേഖല സംസ്ഥാനത്തൊട്ടാകെ നേരിടുന്ന പ്രതിസന്ധിയുടെ ഭാഗമായിട്ട് മാത്രമേ ഇക്കാര്യം കാണാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി മറുപടി പറഞ്ഞു. സ്ഥാപനത്തിന്റെ ഭാവി നിലനില്‍പ്പിനെ ലക്ഷ്യമാക്കി പരുത്തിനൂല്‍ ഉത്പ്പാദനം വേദഗിരിയില്‍ ആരംഭിക്കണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
ഏറ്റവും വില കുറഞ്ഞ സമയത്ത് ഗോഡൗണില്‍ പഞ്ഞി ശേഖരിച്ചുവയ്ക്കാന്‍ തയ്യാറാകണം. പഞ്ഞി വാങ്ങുന്നതും നൂല്‍ വില്‍ക്കുന്നതും സുതാര്യമായി നടപ്പാക്കാന്‍ കഴിയണം. എം.എല്‍.എ. ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള പി.എഫ്. ഏകദേശം ഒരുകോടിയോളം രൂപ അടയ്ക്കുക, പിരിഞ്ഞുപോയവരുടെ ഗ്രാറ്റുവിറ്റി കൊടുത്തുതീര്‍ക്കുക, കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുടിശ്ശിക തീര്‍ക്കുക, ഇ.എസ്.ഐ. കുടിശ്ശിക അടയ്ക്കുക, താല്‍ക്കാലിക തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും എം.എല്‍.എ. ഉന്നയിച്ചു.
നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയവും നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ സ്ഥാപനവുമെന്ന നിലയില്‍ കോട്ടയം ടെക്‌സ്റ്റൈല്‍സ് സംരക്ഷിക്കപ്പെടുന്നതിന് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് മോന്‍സ് ജോസഫ് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം കണക്കിലെടുത്ത് പരിഹാര നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."