ജില്ലാ ഭരണകൂടത്തിനെതിരേ കിനാനൂര്‍ കരിന്തളം പഞ്ചായത്ത്
കരിന്തളം: പഞ്ചായത്തിന്റെ പൊതുവികസന ആവശ്യങ്ങള്‍ക്കായി കണ്ടുവച്ച റവന്യൂഭൂമി പഞ്ചായത്തിനോട് ആലോചിക്കാതെ ജില്ലാ ഭരണകൂടം മറ്റു പദ്ധതികള്‍ക്കു നല്‍കിയതായി ആക്ഷേപം. ഇതോടെ കിനാനൂര്‍ കരിന്തളം പഞ്ചായത്തും ജില്ലാ ഭരണകൂടവും പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക്. സ്ഥലം വിട്ടു കൊടുക്കേണ്ടെന്നാണു പഞ്ചായത്തിന്റെ തീരുമാനം.
പഞ്ചായത്തിലെ റവന്യൂ ഭൂമി പഞ്ചായത്തിനോട് ആലോചിക്കാതെ സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്കു നല്‍കിയതായാണു ആക്ഷേപം. പരപ്പ വില്ലേജില്‍ 84 ഏക്കറും കരിന്തളം വില്ലേജില്‍ 34 ഏക്കറുമാണ് ഇതിനായി നല്‍കിയത്.
റോഡ് അരികിലുള്ള കണ്ണായ സ്ഥലങ്ങളാണു രണ്ടും. ഈ സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് വിവിധ വികസന പദ്ധതികള്‍ക്കായി നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണ്. ഇതിനിടയിലാണു പഞ്ചായത്ത് അറിയാതെ ജില്ലാ ഭരണകൂടം ഭൂമി കൈമാറിയത്.
പദ്ധതിക്കു കുറ്റിയടിക്കുന്ന ഘട്ടത്തില്‍ മാത്രമാണു പഞ്ചായത്ത് ഇത് അറിയുന്നതെന്നു പറയുന്നു. പ്രതിവര്‍ഷം 3500 ഓളം കുട്ടികള്‍ പ്ലസ്ടു കഴിഞ്ഞിറങ്ങുന്ന പഞ്ചായത്തില്‍ ഉന്നത പഠന സൗകര്യമില്ല.
നിരവധി നിവേദനങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ അനുവദിച്ച ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനു കണ്ടു വച്ച സ്ഥലമാണ് സോളാര്‍ പവര്‍ പ്ലാന്റിനു നല്‍കിയത്. എന്നാല്‍ കണ്ണായ സ്ഥലം പ്ലാന്റിനു നല്‍കാനാകില്ലെന്നും ഉള്‍പ്രദേശങ്ങളിലെ റവന്യൂ ഭൂമി മാത്രമേ ഇതിനായി വിട്ടു കൊടുക്കൂ എന്ന നിലപാടിലാണു പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."