സാമൂഹിക പ്രതിബദ്ധതയോടെ പന്തിനു പിന്നാലെ 'യുഫ'
കോഴിക്കോട്: കാല്‍പന്തുകളിക്കൊപ്പം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും മികവറിയിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപീകരിച്ച 'യുഫ' (യങ് യൂനിവേഴ്‌സല്‍ ഫുട്‌ബോള്‍ അക്കാദമി). കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗോകുലം എഫ്.സി ക്യാപ്റ്റനായ സുശാന്ത് മാത്യു ടെക്‌നിക്കല്‍ ഡയറക്ടറായും മുന്‍ മോഹന്‍ബഗാന്‍ താരവും കേരള താരവുമായിരുന്ന വാഹിദ് സാലി ചീഫ് കോച്ചുമായാണ് അക്കാദമിക്കു തുടക്കം കുറിച്ചത്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മീഞ്ചന്ത ഫയര്‍ഫോഴ്‌സ് യൂനിറ്റിന്റെ നേതൃത്വത്തില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു യുഫയുടെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. റഫറി സജേഷിന്റെ നേതൃത്വത്തില്‍ അക്കാദമി വിദ്യാര്‍ഥികള്‍ക്കായി ഫുട്‌ബോള്‍ നിയമങ്ങളെ കുറിച്ചുള്ള ക്ലാസും നടത്തി. തുടര്‍ന്ന് ലഹരി ബോധവല്‍ക്കരണം, ശുചീകരണം എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിച്ചു. ഫുട്‌ബോള്‍ പരിശീലിക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് അക്കാദമിയുടെ പ്രഥമ ലക്ഷ്യം. യുവതലമുറയെ ലഹരിയില്‍ നിന്നും മറ്റു സാമൂഹ്യ തിന്മകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്, മോട്ടിവേഷന്‍ ക്ലാസ് എന്നിവ സംഘടിപ്പിക്കാനും അക്കാദമി പദ്ധതി തയാറാക്കുന്നുണ്ട്.
ഗുരുവായൂരപ്പന്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനമാരംഭിച്ച യുഫ ഇപ്പോള്‍ മാങ്കാവ് മിനി സ്റ്റേഡിയത്തിലാണ് കളി തുടരുന്നത്. സ്വന്തമായി ടര്‍ഫ് ഗ്രൗണ്ട് നിര്‍മിച്ച് പരിശീലനം അവിടേക്കു മാറ്റാനുള്ള തയാറെടുപ്പിലാണ് ഭാരവാഹികള്‍.
നിലവില്‍ 60ലധികം വിദ്യാര്‍ഥികളാണ് അക്കാദമിയില്‍ പരീശീലനം നടത്തുന്നുത്. ഡി ലൈസന്‍സുള്ള അഞ്ചു കോച്ചുമാരും അഞ്ച് അസി. കോച്ചുമാരുമാണ് വിദ്യാര്‍ഥികള്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത്. നഗരത്തിലെ തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് സൗജന്യമായി ഫുട്‌ബോളില്‍ പരിശീലനം നല്‍കാനും അക്കാദമി പദ്ധതി തയാറാക്കുന്നുണ്ട്. രണ്ടു മാസത്തിനിടയില്‍ അഞ്ച് ടൂര്‍ണമെന്റുകളില്‍ ടീമിനെ പങ്കെടുപ്പിച്ചിട്ടുണ്ട്. കേരളാ ഫുട്‌ബോള്‍ ലീഗിലും ജില്ലാ ഫുട്‌ബോള്‍ ലീഗിലും അക്കാദമിയിലെ താരങ്ങള്‍ ബൂട്ടണിയാനൊരുങ്ങുകയാണ്.
മുന്‍ കേരളാ പൊലിസ് താരം സലാഹുദ്ദീന്‍, ഹോം സ്റ്റൈല്‍ ഫര്‍ണിച്ചര്‍ ഉടമ കെ.പി ഹാരിസ്, അന്‍വര്‍ കല്‍പ്പറ്റ, റിയാസ് എന്നിവരടങ്ങുന്ന ഗവേണിങ് ബോഡിയാണ് അക്കാദമിക്ക് ആവശ്യമായ സാമ്പത്തിക സഹായവും സ്‌പോണ്‍സര്‍ഷിപ്പും മറ്റു ഭരണപരമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ഭാവിയില്‍ ഫുട്‌ബോളിനോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ജനതയെ സപര്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി സ്ഥാപിച്ചിട്ടുള്ളതെന്ന് ചീഫ് കോച്ച് വാഹിദ് സാലി പറഞ്ഞു. യൂനിവേഴ്‌സല്‍ സോക്കര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വാഹിദ് സാലി നിലവില്‍ ഗുരുവായൂരപ്പന്‍ കോളജിന്റെയും ബേപ്പൂര്‍ ഫുട്‌ബോള്‍ അക്കാദമിയുടെയും പരിശീലകനാണ്.
നബീല്‍ (എ.പി ഗ്രൂപ്പ് ദുബൈ), രാജേഷ് മേനോന്‍ (വിസ്ഡം കോളജ്), സക്കീര്‍, പ്രവീണ്‍ (ഗോകുലം എഫ്.സി സി.ഇ.ഒ), ദേവന്‍ (ഗുരുവായൂരപ്പന്‍ കോളജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി), ലക്ഷദ്വീപ് പരിശീലകനായിരുന്ന സി.എം ദീപക്, രജ്ഞിത്ത് എന്നിവരും അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചിരുന്നു.
പൂനെ എഫ്.സി താരമായ ആഷിഖ് കുരുണിയന്‍, നിലവില്‍ ബ്ലാസ്റ്റേഴ്‌സ് താരമായ സക്കീര്‍ എന്നിവരാണ് അക്കാദമിയുടെ ലോഗോ ലോഞ്ചിങ്ങും ഉദ്ഘാടനവും നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."