നേതാക്കള്‍ക്കെതിരേ ആര്.എസ്.എസ് അക്രമം: ചെറുവാഞ്ചേരിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പൂര്‍ണം
കൂത്തുപറമ്പ്: പാട്യം പഞ്ചായത്ത് അംഗവും കെ.എസ്.യു നേതാവുമായ റോബര്‍ട്ട് വെള്ളാംവള്ളിയെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍ നടത്തി.
സംഭവത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരായ ശ്രീജില്‍, വിജില്‍, ബിജു, സനീഷ് എന്നിവര്‍ക്കെതിരേ കണ്ണവം പൊലിസ് കേസെടുത്തു. ഞായറാഴ്ച രാത്രി 7.30 ഓടെ ചെറുവാഞ്ചേരിയില്‍ വെച്ചായിരുന്നു സംഭവം. റോബര്‍ട്ടിനെ മര്‍ദിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പൂവ്വത്തൂരിലെ ബി.എസ് വിശാല്‍ (26), വി.പി രാഹുല്‍ (22) എന്നിവര്‍ക്കും മര്‍ദനമേറ്റിരുന്നു.
പിന്നീട് വാഹനത്തില്‍ ചെറുവാഞ്ചേരി ടൗണില്‍ നിന്നും പൂവത്തൂരിലെ വീട്ടിലേക്ക് മടങ്ങിയ റോബര്‍ട്ടിനെ വീടിനു സമീപം വെച്ചും ആയുധങ്ങളുമായി എത്തിയ സംഘം ഭീഷണിപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകുന്നേരം ചെറുവാഞ്ചേരി ടൗണില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കോണ്‍ഗസ് പഞ്ചായത്ത് അംഗത്തിനു നേരെയുണ്ടായ കയ്യേറ്റ ശ്രമത്തില്‍ ആര്.എസ്.എസിനു പങ്കില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആര്.എസ്.എസ് മണ്ഡലം കാര്യവാഹക് പി. സുധീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."