ജനാധിപത്യ വിജയം: പി.കെ രാഗേഷ്
കണ്ണൂര്‍: കോണ്‍ഗ്രസ് പേക്കൂത്തിനെതിരേയുള്ള ജനാധിപത്യ വിജയമാണു തന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനമെന്നു പി.കെ രാഗേഷ്. ഇതുവരെ ഇടതുപക്ഷത്തിനു കടന്നുവരാന്‍ പറ്റാത്ത കണ്ണൂര്‍ കോര്‍പറേഷന്‍ കോണ്‍ഗ്രസിനു നഷ്ടമായതു കെ സുധാകരന്‍ നടത്തിയ രാഷ്ട്രീയ നെറികേടിന്റെ ഫലമാണ്. കോണ്‍ഗ്രസെന്ന തന്റെ അധ്യായം അടഞ്ഞിട്ടില്ല. കെ സുധാകരന്റെയും കെ സുരേന്ദ്രന്റെയും ഏകാധിപത്യത്തിനെതിരേയാണു തന്റെ പോരാട്ടം. എല്‍.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകും. തനിക്കു നിരുപാധിക പിന്തുണയാണ് എല്‍.ഡി.എഫ് നല്‍കിയത്. താന്‍ മേയര്‍ ഇ.പി ലതയ്ക്കു നല്‍കിയതും നിരുപാധിക പിന്തുണയായിരുന്നുവെന്നും പി.കെ രാഗേഷ് പറഞ്ഞു.
രാഷ്ട്രീയനിലപാടില്‍ മാറ്റം വരാതെ തന്നെ എല്‍.ഡി.എഫുമായി സഹകരിക്കാനാകും എന്നതിന്റെ തെളിവാണു രാഗേഷിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുമായി മാത്രമല്ല ബി.ജെ.പി, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളിലുള്ളവരുമായി ജനസേവന പ്രവര്‍ത്തനങ്ങളില്‍ സി.പി.എം സഹകരിക്കും. അതിനായി എല്ലാവരും മുന്നോട്ടുവരണം. ഇക്കാര്യത്തില്‍ സി.പി.എമ്മിന്റെ നയം വ്യക്തമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അതിന്റെ പരിധിയിലുള്ള ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുള്ളതാണ്. അതാതു പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സമീപനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എല്ലാവരുമായി വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ രാഗേഷിനെ കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളിലെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന സമിതിയംഗം എം.വി ജയരാജന്‍, എം പ്രകാശന്‍ എന്നിവര്‍ അഭിനന്ദിച്ചു. തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സില്‍ അംഗങ്ങള്‍ രാഗേഷിനെ പുഷ്പഹാരമണിയിച്ച് നഗരത്തില്‍ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."