കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥ: യുവതിക്ക് ഷോക്കേറ്റു
കാസര്‍കോട്: വൈദ്യുതലൈന്‍ പൊട്ടിവീണിട്ട് യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥ കാരണം യുവതിക്ക് ഷോക്കേറ്റു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം കടമ്പാറിലെ ബാബുവിന്റെ ഭാര്യ ജാനകിക്കാണ് ഷോക്കേറ്റത്.
കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന എച്ച്.ടി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയാണ് വൈദ്യുത ലൈന്‍ പൊട്ടിവീണത്. എന്നാല്‍ ഇത് യഥാസമയം നന്നാക്കാനോ കമ്പിയില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുതി നിര്‍ത്തിവയ്ക്കാനോ വൈദ്യുത വകുപ്പ് തയാറാകാത്തതിനെ തുടര്‍ന്നാണ് യുവതിക്ക് ഷോക്കേല്ക്കാനിടയായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയുടെ ഷോക്കേറ്റതിനെ തുടര്‍ന്ന് ജാനകി അബോധാവസ്ഥയില്‍ കഴിയുകയാണ്.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേശ്വരം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."